ഇന്ത്യയെ തിരിച്ചുപിടിക്കുക എന്ന പോരാട്ടത്തിൽ പ്രവാസികളും അണിനിരക്കണം -കേളി
text_fieldsകേളി ഇ.എം.എസ്- എ.കെ.ജി അനുസ്മരണ യോഗത്തിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷ പ്രസംഗം നടത്തുന്നു
റിയാദ്: രാജ്യത്തുണ്ടാകുന്ന ഏതൊരു മാറ്റത്തെയും സൂക്ഷ്മതയോടെ വീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരാണ് പ്രവാസികളെന്നും ഇന്ത്യയെ തിരിച്ചുപിടിക്കുക എന്ന പോരാട്ടത്തിൽ പ്രവാസികൾക്കും സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്നും റിയാദിൽ കേളി കലാസാംസ്കാരിക വേദി സംഘടിപ്പിച്ച ഇ.എം.എസ്- എ.കെ.ജി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ പ്രവാസികൾ ഒന്നടങ്കം അണിനിരക്കണമെന്നും അധ്യക്ഷപ്രസംഗം നടത്തിയ ലോക കേരളസഭ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെ.പി.എം. സാദിഖ് പറഞ്ഞു.
സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. പ്രസിഡൻറ് സെബിൻ ഇഖ്ബാൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. സാധാരണക്കാരുടെയും തൊഴിലാളികളുടെയും കർഷകരുടേയുമെല്ലാം ജീവിതം ദുരിതത്തിലാക്കുന്ന കേന്ദ്രഭരണം പിഴുതെറിഞ്ഞ് ജനാധിപത്യവും ബഹുസ്വരതയും സമത്വവും തിരിച്ചുകൊണ്ടുവരാനുള്ള പോരാട്ടത്തിൽ അണിചേർന്ന് ഇടതുപക്ഷത്തിന്റെ കരുത്ത് വർധിപ്പിക്കുകയാകണം ഈ തെരഞ്ഞെടുപ്പിൽ ഓരോ രാജ്യസ്നേഹിയുടെയും കടമയെന്നും വിലകൊടുത്ത് വാങ്ങാനാവാത്ത രാജ്യതാൽപര്യങ്ങൾക്കായി ശബ്ദമുയർത്തുന്ന ജനപ്രതിനിധികളാകണം തെരഞ്ഞെടുക്കപ്പെടുന്നവരെന്നും അനുസ്മരണ കുറിപ്പിൽ പറഞ്ഞു. രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി, കേളി കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, മലസ് ഏരിയ രക്ഷാധികാരി സെക്രട്ടറി സുനിൽകുമാർ, ചില്ല കോഓഡിനേറ്റർ സുരേഷ് ലാൽ എന്നിവർ സംസാരിച്ചു.

