കേരളത്തിന്റെ പട്ടിണി മാറ്റുന്നതിൽ മുഖ്യ പങ്ക് പ്രവാസികളുടേത് -കാനത്തിൽ ജമീല എം.എൽ.എ
text_fieldsറിയാദിൽ കേളി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ കാനത്തിൽ ജമീല എം.എൽ.എ സംസാരിക്കുന്നു
റിയാദ്: കേരളത്തിന്റെ പട്ടിണി മാറ്റുന്നതിൽ പ്രവാസികളുടെ പങ്ക് ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്നും ഇന്ത്യൻ രാഷ്ട്രീയത്തെ സസൂക്ഷ്മം വീക്ഷിക്കുകയും കൃത്യമായ പ്രതികരണങ്ങളും ഇടപെടലുകളും നടത്തുകയും ചെയ്യുന്നതിൽ പ്രവാസികൾ പ്രത്യേകം ശ്രദ്ധാലുക്കളാണെന്നും പ്രവാസി സംഘടനകൾ ഇന്നിന്റെ അനിവാര്യതയാണെന്നും കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല പറഞ്ഞു. റിയാദിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറും കൂടിയായ അവർ കേളി കലാ സാംസ്കാരിക വേദിയുടെയും കുടുംബവേദിയുടെയും നേതൃത്വത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു. തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്നിങ്ങനെ വിവിധ പദവികൾ വഹിച്ചിട്ടുള്ള കാനത്തിൽ ജമീല, ഗ്രാമസഭകൾ, അയൽക്കൂട്ടങ്ങൾ, വികസന സെമിനാറുകൾ എന്നിവ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിലൂടെ നാടിന്റെ വികസനത്തിന് പൊതുജന പങ്കാളിത്തത്തിന്റെ പുത്തൻ മാതൃകക്ക് തുടക്കം കുറിച്ച വനിത നേതാവ് കൂടിയാണ്.
2012ൽ കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡൻറായിരിക്കെ തുടക്കം കുറിച്ച ‘സ്നേഹസ്പർശം’ പദ്ധതിയിലൂടെ നിർധനരായ ഒരുലക്ഷത്തിലധികം വൃക്കരോഗികൾക്കാണ് ആശ്വാസമേകിക്കൊണ്ടിരിക്കുന്നത്.
ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ ഒരുക്കിയ സ്വീകരണ യോഗത്തിൽ കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ ആമുഖ പ്രസംഗം നടത്തി. രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി സമിതിക്കുവേണ്ടി സുരേന്ദ്രൻ കൂട്ടായി, കേന്ദ്ര കമ്മിറ്റിക്കുവേണ്ടി പ്രസിഡൻറ് സെബിൻ ഇഖ്ബാൽ, കുടുംബവേദിക്കുവേണ്ടി പ്രസിഡൻറ് പ്രിയ വിനോദ് എന്നിവർ ബൊക്കെ നൽകി സ്വീകരിച്ചു. ആക്ടിങ് സെക്രട്ടറി ജോസഫ് ഷാജി സ്വാഗതവും സനാഇയ്യ അർബഹീൻ ഏരിയ രക്ഷാധികാരി സെക്രട്ടറിയും കുടുംബവേദി ആക്ടിങ് സെക്രട്ടറിയുമായ സുകേഷ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

