Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളി പ്രവാസി...

മലയാളി പ്രവാസി മനസ്സുകളിൽ മായാമുദ്ര പതിപ്പിച്ച മാധ്യമപ്രവർത്തകൻ; ഐ.സമീലിന്‍റെ വിയോഗത്തിൽ വേദനയോടെ പ്രവാസി സമൂഹം

text_fields
bookmark_border
മലയാളി പ്രവാസി മനസ്സുകളിൽ മായാമുദ്ര പതിപ്പിച്ച മാധ്യമപ്രവർത്തകൻ; ഐ.സമീലിന്‍റെ വിയോഗത്തിൽ വേദനയോടെ പ്രവാസി സമൂഹം
cancel
camera_alt

ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ഉടൻ റിയാദിലെത്തിയ പ്രശസ്ത നടൻ സലിം കുമാർ ഗൾഫ് മാധ്യമം ഓഫിസ് സന്ദർശിച്ചപ്പോൾ ഐ. സമീലിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

റിയാദ്: സൗദി അറേബ്യയിലെ, പ്രത്യേകിച്ച് തലസ്ഥാന നഗരമായ റിയാദിലെ മലയാളി പ്രവാസി സമൂഹത്തിൽ മായാമുദ്ര പതിപ്പിച്ചു മടങ്ങിയ പ്രമുഖ മാധ്യമപ്രവർത്തകനും ചരിത്രഗവേഷകനുമായ ഐ. സമീലിന്‍റെ വിയോഗം പ്രവാസി ലോകത്തെ ആകെ നൊമ്പരത്തിലാഴ്ത്തിയിരിക്കുകയാണ്. തായ്‌ലൻഡിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തി​ന്‍റെ അന്ത്യം. ഗൾഫ് മാധ്യമം മുൻ സൗദി ബ്യൂറോ ഹെഡ്, മാധ്യമം മലപ്പുറം മുൻ ബ്യൂറോ ചീഫ്, മലപ്പുറം പ്രസ് ക്ലബ് മുൻ പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പ്രവാസലോകം ഒരു ദിശാമാറ്റത്തിന്​ വിധേയമാകുകയും കടുത്ത പരീക്ഷണങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുകയും ചെയ്​ത ഒരു കാലഘട്ടത്തിലാണ് ഐ. സമീൽ ഡെപ്യൂട്ടേഷൻ ദൗത്യവുമായി ഗൾഫ് മാധ്യമം സൗദി ബ്യൂറോയിലേക്ക് എത്തുന്നത്. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെ ചരിത്രപ്രസിദ്ധമായ സന്ദർശനത്തിലൂടെ, നീണ്ട നാല് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി സൗദിയിലെത്തിയതിന്റ‍റെ ആഹ്ലാദവും ആവേശവും നിറഞ്ഞ അന്തരീക്ഷമായിരുന്നു അന്ന്. എന്നാൽ, അതോടൊപ്പം തന്നെ ഗൾഫിലാകെ തൊഴിൽ രംഗത്ത് സ്വദേശിവത്കരണം ആരംഭിച്ച ഘട്ടമായതിനാൽ, ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ പ്രവാസികളുടെ വലിയ ആശങ്കകളെയാണ് സമീലിന് പ്രധാനമായും അഭിമുഖീകരിക്കേണ്ടി വന്നത്.

സൗദി വാർത്താ മന്ത്രാലയത്തിന്‍റെ ജേർണലിസ്​റ്റ്​ വിസയിൽ റിയാദിലെത്തിയ അദ്ദേഹം രാജ്യത്തെ മാധ്യമരംഗത്തെ വലിയ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാൻ അവസരം ലഭിച്ച അപൂർവം മലയാളി പത്രപ്രവർത്തകരിലൊരാളായി മാറി. വിവിധ സൗദി സർക്കാർ കാര്യാലയങ്ങളുടെ വാർത്താസമ്മേളനങ്ങളിൽ നേരിട്ട് പങ്കെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. റിയാദ് ബ്യൂറോ ഹെഡ് എന്ന നിലയിൽ പ്രവാസികളുടെ സങ്കീർണമായ വിഷയങ്ങളിൽ വിവിധ റിപ്പോർട്ടർമാർ തയ്യാറാക്കുന്ന വാർത്തകൾ കൃത്യമായി ഏകോപിപ്പിച്ച് വായനക്കാരിലേക്ക് എത്തിക്കുക എന്ന ഭാരിച്ച ചുമതലയാണ് സമീൽ നിർവഹിച്ചത്.

ഫ്രീ വിസ നിരോധനവും തൊഴിൽ സ്വദേശിവത്കരണ പദ്ധതിയായ ‘നിതാഖാത്തും’ നടപ്പാക്കാൻ തുടങ്ങിയ​തോടെ സൗദി പ്രവാസം ഏറെ സംഭവബഹുലമായ കാലഘട്ടത്തിലേക്ക് കടന്നത്​ ആയിടയ്​ക്കാണ്​. ഇതിന്‍റെ ഭാഗമായി നിയമലംഘകരായി കഴിയേണ്ടി വന്ന പ്രവാസി തൊഴിലാളികൾക്ക് പദവി ശരിയാക്കാനും, അതിന് കഴിയാത്തവർക്ക് പിഴയോ ജയിൽശിക്ഷയോ ഇല്ലാതെ നാട്ടിലേക്ക് മടങ്ങാനുമായി പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ട അക്കാലത്ത് പത്രപ്രവർത്തനം കടുത്ത വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. എന്നാൽ, എല്ലാ പ്രതിസന്ധികളെയും വളരെ ലഘുവായും ഒരു കലാകാരന്‍റെ ഊഷ്മളതയോടെയും സമീപിച്ചിരുന്ന സമീലിന് അത് പ്രയാസകരമായിരുന്നില്ല.

സഹപ്രവർത്തകർ എന്നതിലുപരി ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിച്ചുകൊണ്ട് റിയാദ് ബ്യൂറോയിലെ സഹപ്രവർത്തകർക്കൊപ്പം ഈ പരീക്ഷണഘട്ടത്തെ അദ്ദേഹം വിജയകരമായി മറികടന്നു. തെക്കൻ സൗദിയിലെ അബഹയിൽ പുതിയ എഡിഷൻ ആരംഭിക്കുമ്പോൾ അതിന്​ എഡിറ്റോറിയൽപരമായ ചുക്കാൻ പിടിക്കാൻ നിയോഗിക്കപ്പെട്ടത്​ സമീലായിരുന്നു. ഖമീസ് മുശൈത്തിൽ ഗൾഫ് മാധ്യമത്തിന്‍റെ ബ്യൂറോ ആരംഭിക്കുന്നതിന്​ സമീലിന്‍റെ നേതൃത്വത്തിലാണ്​.

റിയാദ് ബ്യൂറോയ്ക്ക് പുറമെ ദമ്മാം, ജിദ്ദ ബ്യൂറോകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രവാസി സമൂഹവുമായും റിയാദിലെ ഇന്ത്യൻ എംബസിയുമായും മികച്ച ബന്ധം സ്ഥാപിക്കാനും, അത് പത്രത്തിന്‍റെ വളർച്ചയ്ക്കായി ഉപയോഗപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു. 2010 ജൂണിൽ ഗൾഫ് മാധ്യമത്തിൽ ജോയിൻ ചെയ്ത സമീൽ, ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാക്കി 2014 ജൂലൈയിലാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ സൗദിയിലെ മലയാളി പ്രവാസലോകത്തി​ന്‍റെ മനസ്സിൽ ഇടം നേടാൻ അദ്ദേഹത്തിനായി.

കേവലം പത്രപ്രവർത്തനത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല സമീലിന്‍റെ വ്യക്തിത്വം. റിയാദ്​ ഇന്ത്യൻ മീഡിയ ഫോറത്തിൽ സജീവ അംഗവും ഭാരവാഹിയുമായിരുന്നു. കലാരംഗത്ത് അങ്ങേയറ്റം തൽപ്പരനായിരുന്ന അദ്ദേഹം റിയാദിലെ മലയാളി സമൂഹത്തിന്‍റെ സാംസ്കാരിക ചലനങ്ങളിലും സജീവമായി ഇടപെട്ടിരുന്നു. സിനിമ, നാടകം, പുസ്തക വായന തുടങ്ങിയ വിഷയങ്ങളിൽ സംഘടിപ്പിക്കപ്പെട്ട ചർച്ചാ പരിപാടികളിലെല്ലാം അദ്ദേഹം ശക്തമായ സാന്നിധ്യമായിരുന്നു. മികച്ചൊരു യാത്രാപ്രേമി കൂടിയായിരുന്ന സമീൽ, സൗദിയിലെ ഒട്ടേറെ ചരിത്രപ്രധാനമായ സ്ഥലങ്ങൾ സന്ദർശിക്കുകയും അവയെക്കുറിച്ച് ആകർഷകമായ യാത്രാവിവരണങ്ങൾ തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വിയോഗം മാധ്യമരംഗത്തിനും പ്രവാസി സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obitjournalistsoudi newsi sameel
News Summary - expatriates commemorate Journalist I Sameel's death
Next Story