പ്രവാസി വെൽഫെയർ ജിദ്ദയിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
text_fieldsപ്രവാസി വെൽഫെയർ ജിദ്ദയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ എ.എം സജിത്ത് സംസാരിക്കുന്നു.
ജിദ്ദ: മാതൃ രാജ്യത്തിന്റെ 79 ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 'പൗരത്വംതന്നെയാണ് സ്വാതന്ത്ര്യം' എന്ന തലക്കെട്ടിൽ പ്രവാസി വെൽഫെയർ വെസ്റ്റേൻ പ്രോവിൻസ് ജിദ്ദയിൽ സ്വാതന്ത്ര്യദിന സദസ്സ് സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകൻ എ.എം സജിത്ത് മുഖ്യപ്രഭാഷണം നടത്തി. ഒരു ഏകീകൃത സംസ്കാരമോ, ചരിത്രമോ, പൈതൃകമോ, ഭാഷയോ, ജീവിതരീതിയോ ഒന്നും തന്നെ ഇല്ലാത്ത ഒരു ജനസമൂഹത്തെ ഇന്ത്യ എന്ന ഒറ്റ രാജ്യമാക്കി ഒന്നിച്ചു നിർത്തുന്നത് നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയാണ്, എന്നാൽ ഈ ഭരണഘടന തന്നെയാണ് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നവരുടെ വെല്ലുവിളിയും. ഓരോ അഞ്ചു വർഷം കൂടുമ്പോഴും സാധാരണക്കാരിൽ സാധാരണക്കാരായ പൊതുജനങ്ങളുടെ തീരുമാനത്തിലാണ് തങ്ങളുടെ ഭാവി എന്നത് അവർക്ക് പ്രയാസമുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെയാണ് കുറുക്കുവഴികളിലൂടെ ഭരണഘടനയെ വഞ്ചിച്ചുകൊണ്ട്, ജനവിധിയെ മാറ്റിമറിച്ച് അധികാരം നിലനിർത്താൻ ഭരണപക്ഷം ശ്രമിക്കുന്നതെന്നും എന്നാൽ ഇത് ഏറെ അപകടകരമായ അവസ്ഥയിലേക്കാണ് രാജ്യത്തെ നയിക്കുന്നതെന്നും, ഭരണഘടന ഇല്ലാതായാൽ ഇന്ത്യ എന്ന രാജ്യം പോലും ഉണ്ടാവില്ല എന്ന തിരിച്ചറിവ് ഭരണഘടന ശിൽപികൾക്കുണ്ടായിരുന്നതിനാലാണ് എല്ലാവർക്കും തുല്യ പരിഗണനയുള്ള സാർവത്രിക വോട്ടവകാശം അവർ ഭരണഘടനയിലൂടെ മൗലികാവകാശമാക്കിയത്. വിയോജിപ്പുകളെ രാജ്യ ദ്രോഹമാക്കി കൊണ്ടിരിക്കുന്ന കാലത്ത് ഇന്ത്യൻ ഭരണഘടനയിൽ എവിടെയും ഭരണാധികാരി അഥവ ാ റൂളർ എന്ന പദം ഉപയോഗിച്ചിട്ടില്ല എന്നും ഗവണ്മെന്റ് എന്നതിന് ഭരണാധികാരി എന്നർഥമില്ല എന്നും എ.എം സജിത്ത് അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയുടെ വിജയം പോലും വ്യക്തമായ വോട്ടു മോഷണത്തിലൂടെ നേടിയതാണ് എന്ന ഞെട്ടിക്കുന്ന വാർത്തകൾ പുറത്തു വരുന്ന ഈ സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള പുതിയ സ്വാതന്ത്ര്യ സമരത്തിനുള്ള ഊർജം സംഭരിക്കുന്നതിനുള്ള തുടക്കം കുറിക്കണമെന്ന് തുടർന്ന് സംസാരിച്ച പ്രവാസി വെൽഫെയർ നാഷനൽ കമ്മിറ്റി അംഗം ഖലീൽ പാലോട് ആഹ്വാനം ചെയ്തു. ഇന്ത്യയെ ഒന്നിപ്പിക്കാനല്ല മറിച്ചു ഭിന്നിപ്പിക്കാനാണ് രാജ്യം ഭരിക്കുന്നവർ അധ്വാനിക്കുന്നതെന്നും പൗരത്വം ദേശീയതയുമായി ബന്ധപ്പെട്ടതാണ്, വോട്ടവകാശം നിഷേധിക്കുന്നതിലൂടെ പൗരത്വം തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. അതിലൂടെ ഒരു വ്യക്തിയെ അഭയാർഥിയാക്കാനും എല്ലാ മൗലികാവകാശങ്ങളും നിഷേധിക്കാനും കഴിയും. ഇതാണ് ഇലക്ഷൻ കമീഷനെ ഉപയോഗിച്ച് സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസി വെൽഫെയർ വെസ്റ്റേൻ പ്രോവിൻസ് പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ അധ്യക്ഷതവഹിച്ചു. നാഷനൽ കമ്മിറ്റി അംഗം സി.എച്ച് ബഷീർ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗായകൻ ജമാൽ പാഷയും മാസിൻ ജമാൽ പാഷയും ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. വൈസ് പ്രസിഡന്റ് ബഷീർ ചുള്ളിയൻ സമാപന പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി സ്വാഗതം പറഞ്ഞു. പ്രവാസി വെൽഫെയർ വെസ്റ്റേൻ പ്രോവിൻസ് ട്രഷറര് നൗഷാദ് പയ്യന്നൂർ, സെക്രട്ടറിമാരായ സുഹ്റ ബഷീർ, അബ്ദു സുബ്ഹാൻ, യൂസുഫ് പരപ്പൻ, കമ്മിറ്റി അംഗം ഷഫീഖ് മേലാറ്റൂർ, മുനീർ ഇബ്രാഹിം, അഡ്വ. ഫിറോസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

