പ്രവാസി വെൽഫെയർ മാധ്യമ ശിൽപശാല സംഘടിപ്പിച്ചു
text_fieldsപ്രവാസി വെൽഫെയർ റിയാദ് സംഘടിപ്പിച്ച മീഡിയ വർക് ഷോപ്പിൽ നജിം കൊച്ചുകലുങ്ക്, വി.എം. അഫ്താബുറഹ്മാൻ എന്നിവർ സംസാരിക്കുന്നു
റിയാദ്: പ്രവാസി വെൽഫെയർ റിയാദ് പ്രവിശ്യാ ഘടകം മാധ്യമരംഗത്ത് അഭിരുചിയുള്ളവർക്കായി ഒരു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗൾഫ് മാധ്യമം സൗദി ബ്യൂറോ ചീഫ് നജിം കൊച്ചുകലുങ്ക്, മീഡിയവൺ പ്രിൻസിപ്പൽ കറസ്പോണ്ടന്റും സൗദി ബ്യൂറോ ഹെഡുമായ അഫ്താബുറഹ്മാൻ എന്നിവർ അച്ചടി, ദൃശ്യ മാധ്യമങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു.
വ്യക്തികൾ തന്നെ മാധ്യമങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മൊബൈൽ ജേർണലിസത്തിന്റെ സാധ്യതകൾ വർധിച്ചുവരുന്നതായി ഇരുവരും അഭിപ്രായപ്പെട്ടു. അച്ചടിമാധ്യമത്തിന്റെ ചരിത്രം, വർത്തമാനം, വാർത്തകൾ രൂപപ്പെടുത്തിയെടുക്കുന്ന വിധം, മാധ്യമപ്രവർത്തന അനുഭവങ്ങൾ എന്നിവ നജിം കൊച്ചുകലുങ്ക് ക്യാമ്പംഗങ്ങളുമായി സംവദിച്ചു.
ന്യൂസ് റിപ്പോർട്ടിങ്ങിൽ പ്രിന്റ്, വിഷ്വൽ മീഡിയകൾ തമ്മിലുള്ള അടിസ്ഥാന വ്യത്യാസങ്ങൾ, മൊബൈൽ ജേർണലിസം, മൊബൈൽ ഫോട്ടോ ഷൂട്ട്, വാർത്താ മാധ്യമരംഗത്ത് സോഷ്യൽ മീഡിയയുടെ സ്വാധീനം എന്നിവയെക്കുറിച്ച് അഫ്താബുറഹ്മാൻ വിശദീകരിച്ചു. ഇരുവർക്കും സംഘടനയുടെ സ്നേഹോപഹാരം ബാരിഷ് ചെമ്പകശ്ശേരി, ലത്തീഫ് ഓമശ്ശേരി എന്നിവർ കൈമാറി. പരിപാടിക്ക് സലിം മാഹി, അഷ്റഫ് കൊടിഞ്ഞി, അബ്ദുറഹ്മാൻ മൗണ്ടു, അഫ്സൽ ഹുസൈൻ എന്നിവർ നേതൃത്വം നൽകി. പ്രവാസി ട്രഷറർ ലബീബ് മാറഞ്ചേരി സ്വാഗതവും ജനറൽ സെക്രട്ടറി ഷഹ്ദാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

