പ്രവാസി ക്ഷേമനിധി പെൻഷൻ
text_fieldsദമ്മാം: കേരള പ്രവാസി വെൽഫെയർ ബോർഡിന് കീഴിലെ പെൻഷൻ പദ്ധതിയിൽ 60 വയസ് കഴിഞ്ഞ പ്രവാസികൾക്ക് കുടിശ്ശിക തുക അടച്ചുതീർക്കാൻ സർക്കാർ അടിയന്തിരമായി അവസരം നൽകണമെന്ന് ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല മുഖ്യമന്ത്രിക്ക് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു.
നിലവിലെ നിയമപ്രകാരം 60 വയസ്സ് പൂർത്തിയായ ശേഷമേ പെൻഷനായി അപേക്ഷിക്കാൻ സാധിക്കൂ. എന്നാൽ ബോർഡിെൻറ പുതിയ തീരുമാനപ്രകാരം 60 വയസ്സ് തികയുന്നതോടെ കമ്പ്യൂട്ടർ സിസ്റ്റം ബ്ലോക്കാവുകയും കുടിശ്ശികയുള്ളവർക്ക് പെൻഷൻ നിഷേധിക്കപ്പെടുകയും ചെയ്യുകയാണ്. ദീർഘകാലം കൃത്യമായി അംശാദായം അടച്ചിട്ടും ചെറിയ തുക മാത്രം കുടിശ്ശികയുള്ളവർ, പിന്നീട് അംശാദായം വർദ്ധിപ്പിച്ചതുമൂലം കുടിശ്ശികക്കാരായവർ, വിവരങ്ങൾ അറിയാത്തവർ എന്നിവർക്കെല്ലാം പുതിയ പരിഷ്കാരം മൂലം പെൻഷൻ നഷ്ടപ്പെടുന്നു. കുടിശ്ശികയുള്ളവരിൽ നിന്ന് ബോർഡ് പിഴയും പലിശയും ഈടാക്കുന്നുണ്ടെന്നിരിക്കെയാണ് ഈ അനീതി നടക്കുന്നത്.
ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട്, 60 വയസ് പൂർത്തിയായ ശേഷവും മൂന്ന് മാസത്തെ സമയം അനുവദിച്ച് പിഴയും പലിശയും സഹിതം തുക അടയ്ക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, കഴിഞ്ഞ ഒരു വർഷമായി പുതിയ അപേക്ഷകരുടെ പെൻഷൻ വിതരണത്തിനായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന കാര്യവും പ്രവാസികാര്യ വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ജീവിതകാലം മുഴുവൻ പ്രവാസലോകത്ത് അധ്വാനിച്ച് നാട്ടിൽ തിരിച്ചെത്തിയ നിരാലംബരായ പ്രവാസികളെ ചേർത്തുപിടിക്കാൻ സർക്കാർ തയ്യാറാകണമെന്നും, തെൻറ അപേക്ഷയിൽ അനുകൂലമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബിജു കല്ലുമല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

