പ്രവാസി പുനരധിവാസ പദ്ധതികൾ ഊർജിതമാക്കണം –നവോദയ
text_fieldsപ്രവാസി പുനരധിവാസ പദ്ധതികൾ ഊർജിതമാക്കണം –നവോദയ
അൽഖോബാർ: പ്രവാസി പുനരധിവാസ പദ്ധതികൾ ഊർജിതമാക്കണമെന്ന് നവോദയ അൽഖോബാർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കോവിഡ് മഹാമാരി മൂലവും ഗൾഫ് നാടുകളിൽ നടപ്പാക്കുന്ന സ്വദേശിവത്കരണത്തിെൻറ ഭാഗമായും ഭൂരിഭാഗം പ്രവാസികളും നാട്ടിലേക്കു തിരിച്ചുപോകാൻ നിർബന്ധിതമാവുകയാണ്. ഇത്തരം പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനാവശ്യമായ പദ്ധതികൾ ഊർജിതമായി നടപ്പിൽവരുത്താൻ കേന്ദ്ര കേരള സർക്കാറുകൾ തയാറാകണമെന്നും പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്ര സർക്കാറിെൻറ ഭാഗത്തുനിന്ന് ഒരു പുനരധിവാസ പദ്ധതികളും ഇതുവരെ കൊണ്ടുവന്നിട്ടില്ല. സമഗ്ര പ്രവാസി പുനരധിവാസ പദ്ധതികൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ എത്രയും പെട്ടെന്ന് തയാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൂടാതെ നിലവിൽ കേരള സർക്കാർ നടപ്പാക്കിയ പല പദ്ധതികളും ഉദ്യോഗസ്ഥ തലത്തിലുള്ള നൂലാമാലകൾ മൂലം പ്രവാസികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. ആയതിനാൽ നടപടിക്രമങ്ങൾ ലളിതവും സുതാര്യവുമാക്കണം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന ഏരിയ സമ്മേളനത്തിെല പൊതുസമ്മേളനം ഓൺലൈനിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പി. ജിജി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ സലിം മുഴപ്പിലങ്ങാട് അധ്യക്ഷത വഹിച്ചു. കൺവീനർ എസ്. വിജയകുമാർ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി വിദ്യാധരൻ കോയാടൻ, മീഡിയ കൺവീനർ ടി.എൻ. ഷബീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പ്രതിനിധി സമ്മേളനം നവോദയ കേന്ദ്ര ആക്ടിങ് പ്രസിഡൻറ് ലക്ഷ്മണൻ കണ്ടമ്പത്ത് സംഘടന റിപ്പോർട്ട് അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. ഏരിയ ആക്ടിങ് പ്രസിഡൻറ് രമണൻ അധ്യക്ഷത വഹിച്ചു. ടി.എൻ. ഷബീർ സ്വാഗതം പറഞ്ഞു. സലിം മുഴപ്പിലങ്ങാട് അനുശോചന പ്രമേയം അവതരിപ്പിച്ചു. സാബിത്ത് മേടപ്പറമ്പിൽ രക്തസാക്ഷി പ്രമേയവും ഏരിയ സെക്രട്ടറി വിദ്യാധരൻ കോയാടൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഖോബാർ ഏരിയയിലെ 638 അംഗങ്ങളെ പ്രതിനിധീകരിച്ച് നാല് യൂനിറ്റുകളിൽ നിന്ന് എട്ടുപേർ ചർച്ചയിൽ പങ്കെടുത്തു. കേന്ദ്ര, കേരള സർക്കാറുകളോട് വിവിധ പ്രവാസി വിഷയങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നൗഷാദ് പറമ്പത്ത്, മെനിലെസ് തമ്പാൻ എന്നിവർ പ്രമേയം അവതരിപ്പിച്ചു. ചർച്ചകൾക്ക് ഏരിയ സെക്രട്ടറി വിദ്യാധരൻ കോയാടനും കേന്ദ്ര ആക്ടിങ് സെക്രട്ടറി റഹീം മടത്തറയും മറുപടി പറഞ്ഞു. കുടുംബവേദി കേന്ദ്ര എക്സിക്യൂട്ടിവ് അംഗം ആഷിക് കപൂർ, തുക്ബ ഏരിയ സെക്രട്ടറി ഹമീദ് മാണിക്കോത്ത്, പ്രസിഡൻറ് വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. കേന്ദ്ര സാമൂഹികക്ഷേമ കൺവീനർ നൗഷാദ് അകോലത്ത് പുതിയ കമ്മിറ്റിയുടെ പാനലും ഏരിയ സെക്രട്ടറി വിദ്യാധരൻ കോയാടൻ ഭാരവാഹി പ്രഖ്യാപനവും നടത്തി. സമ്മേളനം 21 അംഗ ഏരിയ കമ്മിറ്റിയെയും സുധാകരൻ കായംകുളം (പ്രസി.), ടി.എൻ. ഷബീർ (സെക്ര.), എസ്. വിജയകുമാർ (ട്രഷ.) എന്നിവരടങ്ങിയ ഒമ്പതംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.