പ്രവാസികളുടെ ഓണപ്പാട്ട് ആൽബം പ്രകാശനം ചെയ്തു
text_fieldsപ്രവാസികളുടെ ഓണപ്പാട്ട് ആൽബം പ്രകാശന ചടങ്ങിൽനിന്ന്
റിയാദ്: അഞ്ചു രാജ്യങ്ങളിൽനിന്ന് അഞ്ച് പ്രവാസി സുഹൃത്തുക്കൾ ചേർന്ന് ഒരുക്കിയ ‘ഞങ്ങളുടെ ഓണം നിങ്ങളുടെയും’ എന്ന ഓണപ്പാട്ട് മ്യൂസിക് വീഡിയോ ആൽബത്തിന്റെ സിഡി പ്രകാശനം ചെയ്തു. റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റംഷാദ് അൽമാസ്, ഷിബു ഉസ്മാൻ, ബഷീർ കോട്ടയം, സലാം പെരുമ്പാവൂർ, ബോബി ജോർജ്, ലിൻസാം, യാസിർ, റോബിൻ രാജു, നിസാർ, ക്രിസ്വിൻ ബോബി എന്നിവർ പങ്കെടുത്തു.
ജോലിത്തിരക്ക് കാരണം നാട്ടിൽ പോയി ഓണം ആഘോഷിക്കാൻ കഴിയാത്ത അഞ്ച് പ്രവാസികൾ അഞ്ച് രാജ്യങ്ങളിൽനിന്നുകൊണ്ട് ഓണാഘോഷത്തിൽ പങ്കുചേരുന്നതാണ് സംവിധായകൻ മനോജ് ഭാസ്കർ വീഡിയോ ആൽബത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. വ്യത്യസ്തമായ ആശയത്തോട് കൂടി പുറത്തിറക്കിയ ഈ ഓണപ്പാട്ട് ഇതിനകം ജനശ്രദ്ധ ആകർഷിച്ചുകഴിഞ്ഞു.
അലക്സ് കൊട്ടാരക്കര, വി.കെ. അരവിന്ദ്, ബൈജു കൃഷ്ണൻ, ഷൈജു മാത്യു, സുധീഷ് എന്നിവരാണ് സൗദി അറേബ്യ, അമേരിക്ക, ബഹ്റൈൻ, ഒമാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഈ ഓണപ്പാട്ട് ചിത്രീകരണത്തിൽ പങ്കെടുത്തിരിക്കുന്നത്.
ഗാനരചന വിദ്യ ലിനിലും സംഗീതം സതീഷ് വിശ്വയും നിർവഹിച്ചു. പ്രദീപ് ചിറ്റാറാണ് പാടിയത്. സുധേന്തു ഓർക്കസ്ട്രേഷൻ നിർവഹിച്ചു. സ്റ്റുഡിയോ: ബെൻസൺ, മിക്സിങ്: രഞ്ജിത്ത് രാജൻ, എഡിറ്റിങ്: ആകാശ് വിഷ്ണു.

