റിയാദിൽ കുഴഞ്ഞുവീണു മരിച്ച കണ്ണൂർ സ്വദേശി മണിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsറിയാദ്: റിയാദിൽ ബുധനാഴ്ച കുഴഞ്ഞു വീണു മരിച്ച കണ്ണൂർ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ അരോളി വീട്ടിൽ നാരായണൻ എന്ന മണിയുടെ (57) മൃതദേഹം നാട്ടിലെത്തിച്ചു. താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് സഹപ്രവർത്തകർ റെഡ് ക്രസന്റിനെ വിവരമറിയിക്കുകയും, ആംബുലൻസ് എത്തി ഉടൻ ഒബൈദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേളി കലാ സാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റി അംഗവും ജരീർ യൂനിറ്റ് ജോയിന്റ് സെക്രട്ടറി യുമായിരുന്നു നാരായണൻ. അരോളി വീട്ടിൽ പരേതരായ ഇരിങ്ങത്തായ് കൃഷ്ണൻ-തമ്പായ് എന്നിവരുടെ മകനാണ്. ഭാര്യ: മഞ്ജുള. മക്കൾ: മഞ്ജിമ, മാനവ്. സഹോദരങ്ങൾ: കമല, സാവിത്രി, ഗംഗാധരൻ, പരേതയായ നന്ദിനി.
33 വർഷത്തിലേറെയായി പ്രവാസിയായ അദ്ദേഹം കഴിഞ്ഞ പത്തുവർഷത്തോളമായി മലാസിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് ചികിത്സക്ക് ശേഷം കഴിഞ്ഞ വർഷമാണ് വീണ്ടും അദ്ദേഹം ജോലിയിൽ പ്രവേശിച്ചിരുന്നത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. നാരായണന്റെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് കോലത്തുവയൽ സമുദായ ശ്മശാനത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

