രോഗംബാധിച്ച് ദുരിതത്തിലായ സുരേഷ് നാട്ടിലേക്ക് മടങ്ങി
text_fieldsസുരേഷ് എയർപോർട്ടിൽ നവയുഗം നേതാക്കൾക്കൊപ്പം
അൽ അഹ്സ: രോഗവും സാമ്പത്തികക്ലേശവും മൂലം ദുരിതത്തിലായ മലയാളിക്ക് നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗം തുണയായി. ഒരു മാസം മുമ്പാണ് ദമ്മാമിലെ ഒരു സ്വകാര്യകമ്പനിയിൽ ചെറിയ ശമ്പളത്തിന് ജോലി ചെയ്തിരുന്ന സുരേഷ് എന്ന പ്രവാസിക്ക് കുടലിൽ പഴുപ്പ് ബാധിച്ചു അത്യാസന്നനിലയിലായത്. കമ്പനി ഇഖാമയോ ഇൻഷുറൻസോ ഇല്ലാത്തതിനാൽ ആശുപത്രി ചികിത്സ ബുദ്ധിമുട്ടായിവന്നു.
തുടർന്ന് തന്റെ ബന്ധുവായ നവയുഗം അൽഅഹ്സ ഷുഖൈഖ് യൂനിറ്റ് മെമ്പറും നോർക്ക കൺവീനറുമായ സുജി കോട്ടൂരിന്റെ സഹായം സുരേഷ് തേടിയത്. സുജി കോട്ടൂർ അഭ്യർഥിച്ചതനുസരിച്ച് നവയുഗം അൽ അഹ്സ ജീവകാരുണ്യവിഭാഗം സുരേഷിന്റെ കേസ് ഏറ്റെടുക്കുകയായിരുന്നു. നവയുഗം ജീവകാരുണ്യപ്രവർത്തകരായ ജലീൽ കല്ലമ്പലവും സിയാദ് പള്ളിമുക്കും കൂടി നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകത്തിന്റെ സഹായത്തോടെ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയുടെ ഫലമായി അസുഖത്തിന് നല്ല കുറവുണ്ടായി.
എന്നാൽ ഇൻഷ്വറൻസ് ഇല്ലാത്തതിനാൽ ചികിത്സ ചെലവ് വർധിക്കുകയും വലിയൊരു തുക ആശുപത്രി ബില്ലായിവരുകയും ചെയ്തതോടെ സുരേഷ് വീണ്ടും വിഷമത്തിലായി. തുടർന്ന് ഷാജി മതിലകം ആശുപത്രി അധികൃതരുമായി സംസാരിച്ച് ബിൽ തുക മൂന്നിലൊന്നായി കുറക്കുകയും ചെയ്തു. എന്നിട്ടും ഡിസ്ചാർജ് ചെയ്യാൻ 37,000 റിയാലോളം തുക ബില്ലായി അടക്കാനുണ്ടായിരുന്നു.
സിയാദ് പള്ളിമുക്ക്, ജലീൽ കല്ലമ്പലം, ഷിബു താഹിർ, സുന്ദരേശൻ, ഹനീഫ, സൈതലവി, ഹനീഫ, അൻവർ എന്നിവരുടെ നേതൃത്വത്തിൽ നവയുഗം അൽ അഹ്സ മേഖല ഷുഖൈഖ് യൂനിറ്റ് കേന്ദ്രീകരിച്ച് ചികിത്സാസഹായ ഫണ്ട് സ്വരൂപിച്ചു ആശുപത്രി ബില്ല് അടച്ചു. നവയുഗം കേന്ദ്രനേതാക്കളായ ലത്തീഫ് മൈനാഗപ്പള്ളി, ഉണ്ണി മാധവം, അൽ അഹ്സ മേഖല നേതാക്കൾ എന്നിവർ ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുത്തു. തുടർന്ന് ഡിസ്ചാർജ് വാങ്ങി, ഇതിനുവേണ്ടി പ്രവർത്തിച്ച നവയുഗം ജീവകാരുണ്യപ്രവർത്തകരോടും സഹായിച്ച സുമനസ്സുകളോടും നന്ദി പറഞ്ഞ് സുരേഷ് നാട്ടിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

