മതേതര ഇന്ത്യക്കായി ഒറ്റക്കെട്ടാവണം –പ്രവാസി സ്വാതന്ത്ര്യദിന സദസ്സ്
text_fieldsപ്രവാസി സാംസ്കാരിക വേദി ജിദ്ദ ഷറഫിയ, മഹ്ജർ മേഖലകൾ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സദസിൽ നിന്നും
ജിദ്ദ: സംഘ്പരിവാർ ശക്തികളുടെ സമഗ്രാധിപത്യത്തിനും നിഗൂഢ നീക്കങ്ങളിലൂടെയുള്ള ഹിന്ദുത്വവത്കരണത്തിനെയും ചെറുത്തുകൊണ്ട് രാജ്യശിൽപികൾ സ്വപ്നം കണ്ട യഥാർഥ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള മുന്നേറ്റങ്ങൾക്ക് പ്രചോദനമാവണം സ്വാതന്ത്ര്യദിന ചിന്തകളെന്ന് പ്രവാസി സാംസ്കാരിക വേദി ജിദ്ദ ഷറഫിയ, മഹ്ജർ മേഖലകൾ സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സദസ്സ് അഭിപ്രായപ്പെട്ടു. രാജ്യത്തെ കെട്ടിപ്പടുക്കുന്നതിൽ ഒരു പങ്കും വഹിക്കാത്തവരാണ് അധികാരത്തിലുള്ളത്. ഭരണരംഗത്തെ പരാജയങ്ങൾ മറച്ചുപിടിക്കാൻ മതവർഗീയതയും തീവ്രദേശീയതയും ഉപകരണമാക്കുകയാണ് ബി.ജെ.പി സർക്കാർ.
ബാബരി മസ്ജിദ് തകർത്തിടത്ത് ഭൂമിപൂജയും ശിലാന്യാസവും സർക്കാർ പരിപാടിയാക്കിയത് ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള ചുവടുവെപ്പാണെന്നും കക്ഷിരാഷ്ട്രീയ ഭിന്നതകൾ മറന്നു ഒറ്റക്കെട്ടായ മുന്നേറ്റത്തിലൂടെ മാത്രമേ മതനിരപേക്ഷ ഇന്ത്യയെ തിരിച്ചുപിടിക്കാനാവൂ എന്നും വിവിധ സംഘടനാപ്രതിനിധികൾ അഭിപ്രായപ്പെട്ടു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി എം.പി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഷഫീഖ് മേലാറ്റൂർ വിഷയം അവതരിപ്പിച്ചു. റഫീഖ് പത്തനാപുരം, ഫസലുല്ല പോരൂർ, അബൂബക്കർ വെള്ളയിൽ, റസാഖ് മമ്പുറം, കെ.ടി. അബൂബക്കർ, അരുവി മോങ്ങം, ശിഹാബ് കരുവാരക്കുണ്ട്, സോജി ജേക്കബ്, എ.കെ. സൈതലവി, കെ.എം. അനീസ് എന്നിവർ സംസാരിച്ചു. പി.കെ. സഹീർ ഗാനമാലപിച്ചു. വേങ്ങര നാസർ മോഡറേറ്ററായിരുന്നു. ജുനേഷ്, ഇ.സി. അസീബ് എന്നിവർ പരിപാടി നിയന്ത്രിച്ചു. എൻ.കെ. അഷ്റഫ് സ്വാഗതവും അബ്ദുൽ വാഹിദ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.