പ്രവാസി ആരോഗ്യം; വേനലിൽ കണ്ണുകളെ പൊന്നുപോലെ സൂക്ഷിക്കുക
text_fieldsവേനലിന്റെ കാഠിന്യത്തിലാണ് ഗൾഫ് മേഖല. ഇടക്ക് പൊടിക്കാറ്റും വീശുന്നുണ്ട്. അന്തരീക്ഷത്തിലെ ചൂടും പൊടിമണ്ണും വായുമലിനീകരണവും കണ്ണുകൾ ചുവക്കുന്നതിനും ചൊറിച്ചിൽ, എരിച്ചിൽ തുടങ്ങിയ അലർജികൾക്കും കാരണമാകും. ശരിയായ നേത്രസംരക്ഷണ മാർഗങ്ങൾ ഉപയോഗിക്കുന്നില്ലെങ്കിൽ കണ്ണുനീർ വേഗത്തിൽ ബാഷ്പീകരിക്കപ്പെടുകയും കണ്ണ് വരണ്ടതായി മാറുകയും ചെയ്യും.
വേനൽച്ചൂട് (Summer Heat) തുടങ്ങിക്കഴിഞ്ഞു. പ്രവാസമേഖലയെ സംബന്ധിച്ചിടത്തോളം ജൂലൈ-ആഗസ്റ്റ് മാസം കഠിനമായ ചൂടിന്റെതാണ്. വേനൽക്കാലത്ത് ശരീരവും മുടിയും ചർമവുമൊക്കെ സംരക്ഷിക്കുന്നതു പോലെത്തന്നെ പ്രധാനമാണ് ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നായ കണ്ണുകളുടെ ആരോഗ്യവും (Eye Health). ഒപ്പം അതിന്റെ പരിപാലനവും. സൂര്യതാപം കണ്ണുകൾക്ക് അങ്ങേയറ്റം ഹാനികരമാണ്. കത്തുന്ന വെയിലിൽ പുറത്തിറങ്ങേണ്ടിവരുന്നവർക്ക് പലതരം അസ്വസ്ഥതകൾ അനുഭവപ്പെടും. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ കണ്ണിലടിക്കുന്നത് തിമിരം പോലുള്ള രോഗങ്ങൾക്ക് കാരണമാകും. മാത്രമല്ല, ഇത് റെറ്റിനക്കും ഹാനികരമാണ്. നേരിയ ചൊറിച്ചിൽ, ചുവപ്പ് എന്നിവ മുതൽ കണ്ണിൽനിന്നും ധാരാളം വെള്ളം വരുന്ന അവസ്ഥ, കൺപോളകളിലെ നീർവീക്കം, ബാക്ടീരിയ, വൈറൽ കൺജങ്ക്റ്റിവിറ്റിസ് തുടങ്ങിയ അലർജിരോഗങ്ങളും ബാധിക്കും. അമിതമായ ചൂടേൽക്കുന്നത് കണ്ണിലെ പൊള്ളൽ, തിമിരം, മാക്യുലർ ഡീജനറേഷൻ (അന്ധതയുടെ പ്രധാന കാരണം) എന്നിവക്ക് കാരണമായേക്കാം.
പുറത്ത് ജോലി ചെയ്യുന്നവരും വാഹനമോടിക്കുന്നവരും കറുത്ത കണ്ണട ധരിച്ച് വെയിലിനെ പ്രതിരോധിക്കണം. ഇടയ്ക്ക് തണുത്ത വെള്ളമുപയോഗിച്ച് കണ്ണുകൾ കഴുകുന്നതും നല്ലതാണ്. കണ്ണുകൾ ഈർപ്പമുള്ളതാക്കാൻ ലൂബ്രിക്കൻറ് ഐ ഡ്രോപ്പ് ഉപയോഗിക്കണം. വിറ്റാമിൻ എ, വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കണം. പഴവർഗങ്ങളും പച്ചക്കറിയും ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കണം. കണ്ണുകൾക്ക് വരൾച്ചയോ ചൊറിച്ചിലോ മറ്റെന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതയോ അനുഭവപ്പെടുകയാണെങ്കിൽ ഉടനെ ഒരു ഒഫ്ത്താൽമോളജിസ്റ്റിനെ സമീപിച്ച് കണ്ണുകൾക്ക് വേണ്ട പരിചരണവും സുരക്ഷയും ഉറപ്പുവരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

