വിജയത്തിളക്കത്തിൽ ജിദ്ദയിലെ പ്രവാസി സ്ഥാനാർഥികൾ
text_fieldsജിദ്ദ: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടായിരുന്ന ജിദ്ദ പ്രവാസികളിൽ നിരവധി പേർ വിജയിച്ചു. ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ രംഗത്തിറക്കിയ കെ.എം.സി.സിയിൽ തന്നെയാണ് ഏറ്റവും കൂടുതൽ പേർ വിജയിച്ചതും. മത്സരരംഗത്തുണ്ടായിരുന്ന 20ഓളം കെ.എം.സി.സി സ്ഥാനാർഥികളിൽ 16 പേർ ജയിച്ചു. സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കെ.പി. മുഹമ്മദ് കുട്ടിയുടെ വിജയമാണ് തിളക്കമേറിയത്. മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ 13ാം ഡിവിഷനില്‍ എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി. ബിബീഷിനെ 379 വോട്ടുകളുടെ വ്യത്യാസത്തിന് തോൽപിച്ചു. മൃഗീയ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് ഭരണം നിലനിർത്തിയ ഇവിടെ കെ.പി. മുഹമ്മദ് കുട്ടി നഗരസഭ ചെയർമാൻ ആവും. കെ.എം.സി.സി വെൽഫെയര്‍ വിങ് ചെയര്‍മാനായിരുന്ന ജലീൽ ഒഴുകൂർ എന്ന കുഞ്ഞിപ്പ മൊറയൂർ പഞ്ചായത്തിലെ 18ാം വാർഡിൽ 206 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.
ഇതേ പഞ്ചായത്തിലെ ആറാം വാർഡിൽ കെ.എം.സി.സി സ്ഥാനാർഥി സി.കെ അനീസ് ബാബുവും വിജയിച്ചു. വേങ്ങര പഞ്ചായത്തിൽ മത്സരിച്ച മൂന്ന് കെ.എം.സി.സി പ്രവർത്തകരും വിജയിച്ചു. കുറുക്കൻ മുഹമ്മദ് 16ാം വാർഡിലും കണ്ണാട്ടിൽ മജീദ് 18ാം വാർഡിലും സി.പി. അബ്ദുൽ ഖാദർ 22ാം വാർഡിലുമാണ് വിജയിച്ചത്.
എളാരകത്ത് സലാം (താനൂർ നഗരസഭ 32ാം ഡിവിഷൻ), സി.പി. അബ്ദുൽ അസീസ് (വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പുകയൂർ ഡിവിഷൻ), അബ്ദുൽ അസീസ് വാവൂര് (ചീക്കോട് പഞ്ചായത്ത് മൂന്നാം വാർഡ്), കളത്തിങ്ങല്‍ സാബിരി (തൃക്കലങ്ങോട് പഞ്ചായത്ത് 17ാം വാർഡ്), കെ.എം. ഉബൈദുല്ല (വെട്ടത്തൂർ പഞ്ചായത് അഞ്ചാം വാർഡ്), അബ്ദുൽ ജലീൽ (കോഴിക്കോട് തലക്കളത്തൂർ പഞ്ചായത്ത് 16ാം വാർഡ്), സലൂബ് ജലീൽ (പോത്തുകല്ല് പഞ്ചായത്ത് അഞ്ചാം വാർഡ്), അബ്ബാസലി (മങ്കട പഞ്ചായത്ത് 13ാം വാർഡ്), സൈഫുദ്ദീൻ (കുറുവ പഞ്ചായത്ത് ഏഴാം വാർഡ്), ചെറുകുന്നിൽ ബാവ (പുഴക്കാട്ടീരി പഞ്ചായത്ത് ഏഴാം വാർഡ്) എന്നിവരാണ് വിജയിച്ച മറ്റു കെ.എം.സി.സി സ്ഥാനാർഥികൾ.
നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ പാലെങ്ങര ഡിവിഷനിൽ 1197 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി റഷീദ് വാളപ്ര ജിദ്ദയിലും കൊല്ലം വിളക്കുടി പഞ്ചായത്തിലെ കുന്നിക്കോട് സൗത്ത് വാർഡിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ഷാഹുല്‍ കുന്നിക്കോട് മക്കയിലും ഒ.ഐ.സി.സി പ്രവർത്തകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

