പ്രവാസി വ്യവസായി വി.പി. മുഹമ്മദലിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഞെട്ടലിലും ആശങ്കയിലും ജിദ്ദ പ്രവാസികൾ
text_fieldsജിദ്ദ/മലപ്പുറം: സൗദി അറേബ്യയിലും മറ്റ് ഗൾഫ് നാടുകളിലും നാട്ടിലുമായി നിരവധി വ്യവസായ സ്ഥാപനങ്ങളുടെ ഉടമയായ മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശി വി.പി. മുഹമ്മദലിയെ തട്ടിക്കൊണ്ടുപോയ സംഭവം ജിദ്ദയിലെ മലയാളി സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഏകദേശം അര നൂറ്റാണ്ട് കാലമായി ജിദ്ദയുടെ വ്യവസായ-സാമൂഹിക രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുകയും, ‘പ്രവാസി സമൂഹത്തിന്റെ കാരണവർ’ എന്ന നിലയിൽ എല്ലാവർക്കും പ്രിയങ്കരനാവുകയും ചെയ്ത അദ്ദേഹത്തിന് നേരിട്ട ദുരനുഭവം പ്രവാസലോകത്ത് വലിയ ആശങ്കക്ക് വഴിവെച്ചിരിക്കുകയാണ്. നിലവിൽ ജിദ്ദ നാഷനൽ ആശുപത്രി, റയാൻ മെഡിക്കൽ ഗ്രൂപ് എന്നിവയുടെ മാനേജിങ് ഡയറക്ടറാണ് വി.പി. മുഹമ്മദലി.
നാട്ടിൽനിന്നും ജിദ്ദയിലേക്ക് തിരികെ വരുന്നതിനായി കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച്ച വൈകീട്ട് ആറരയോടെ മലപ്പുറം-പാലക്കാട് ജില്ല അതിർത്തിയായ ആറങ്ങോട്ടുകര കോഴിക്കാട്ടിരി പാലത്തിന് സമീപത്തു വെച്ചാണ് നാടകീയമായ സംഭവം അരങ്ങേറിയത്. വാഹനത്തെ പിന്തുടർന്നെത്തിയ ഇന്നോവ കാറിലുണ്ടായിരുന്ന അജ്ഞാതസംഘം വാഹനം തടഞ്ഞുനിർത്തി. തുടർന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വി.പി. മുഹമ്മദലിയെ സ്വന്തം കാറിൽനിന്ന് ബലമായി ഇറക്കി അവരുടെ വാഹനത്തിൽ കയറ്റി അതിവേഗം കടന്നുകളയുകയായിരുന്നു.
പാലക്കാട് ജില്ലയിലെ കോതകുറിശ്ശിയിലുള്ള ഒരു വീട്ടിൽ കൊണ്ടുപോയി തടവിൽ പാർപ്പിക്കുകയായിരുന്നു. എന്നാൽ തട്ടിക്കൊണ്ടുപോയ സംഘം ഉറക്കത്തിലായ സമയം നോക്കി ഞായറാഴ്ച്ച പുലർച്ചെയോടെ അദ്ദേഹം ഇറങ്ങിയോടി സാഹസികമായി രക്ഷപ്പെട്ടു. സമീപത്തെ പള്ളിയിലാണ് അഭയം തേടിയത്. പള്ളിയിലുണ്ടായിരുന്നവർ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമികളുടെ ക്രൂരമായ ആക്രമണം കാരണം മുഖത്തടക്കം ഗുരുതര പരിക്കേറ്റ അദ്ദേഹം നിലവിൽ ചികിത്സയിലാണ്.
തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ആരാണ്, യഥാർഥ കാരണം എന്താണ് എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാൽ, നീലഗിരിയിലെ ഒരു കോളജുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിലവിലുള്ള കേസിൽ വി.പി. മുഹമ്മദലി കക്ഷിയാണ്. ഈ കേസുമായി ബന്ധപ്പെട്ട ആളുകൾ തന്നെയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിൽ പ്രവർത്തിച്ചതെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമായി നടന്നുവരുന്നുണ്ടെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാൻ സാധിക്കാത്തതിൽ പ്രവാസികൾക്കിടയിൽ കടുത്ത അമർഷമുണ്ട്.
ഒരു വ്യവസായിക്ക് പോലും നാട്ടിൽ സുരക്ഷിതത്വം ഇല്ലെങ്കിൽ സാധാരണക്കാരായ ആളുകളുടെ അവസ്ഥ എന്തായിരിക്കും? എന്ന ആശങ്കയാണ് ജിദ്ദയിലെ മലയാളി സമൂഹം പങ്കുവെക്കുന്നത്. മുമ്പും കേരളത്തിൽ പ്രവാസി വ്യവസായികൾ തട്ടിക്കൊണ്ടുപോകലിന് ഇരയായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ, വിദേശ രാജ്യങ്ങളിലെ ബിസിനസുകാരുടെയും നിക്ഷേപകരുടെയും സുരക്ഷാവിഷയങ്ങൾ വീണ്ടും സജീവ ചർച്ചാവിഷയമായിരിക്കുകയാണ്. പ്രതികളെ ഉടൻ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് പ്രവാസി സമൂഹം ഒന്നടങ്കം ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

