അച്ഛനെ പരിചരിക്കാൻ മകൾ യു.കെയിൽ നിന്നെത്തി; വിധി നൽകിയത് ചേതനയറ്റ ശരീരം
text_fieldsമരണപ്പെട്ട ഇട്ടേര ദേവസി(ഇൻസെക്റ്റിൽ) , അച്ഛനെ പരിചരിക്കാനെത്തിയ അന്ന
റിയാദ്: പക്ഷാഘാതം ബാധിച്ച പ്രവാസിയെ പരിചരിക്കാൻ യു.കെയിൽ നിന്ന് മകൾ എത്തിയപ്പോേഴക്കും പിതാവ് വിടപറഞ്ഞു. തൃശൂർ ചെറുവള്ളൂർ സ്വദേശി വാഴപ്പിള്ളി ഹൗസിൽ ഇട്ടേര ദേവസിക്കാണ് റിയാദ് അൽ ഖർജിൽ ജോലിക്കിടെ പക്ഷാഘാതം സംഭവിച്ചത്. തുടർന്ന് സുഹൃത്തുക്കൾ അൽ ഖർജിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. അച്ഛൻ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട് ആശുപത്രിയിലാണെന്ന് ജോലി സ്ഥലത്തുള്ള സുഹൃത്ത് റെജി യു.കെ.യിലുള്ള മകൾ അന്നയെ അറിയിക്കുകയായിരുന്നു. അന്ന അവധിയെടുത്ത് റിയാദിലെത്തി. “ഹെൽപ്ലൈൻ നഴ്സ്” വഴി സഹായം തേടിയ അന്ന മാധ്യമപ്രവർത്തകൻ ഷംനാദ് കരുനാഗപ്പള്ളിയെ ബന്ധപ്പെട്ടു. തുടർന്ന് ഷംനാദ് വിഷയത്തിൽ ഇടപെടുകയും ഡോക്ടർമാരുമായി സംസാരിച്ചതിന് ശേഷം വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ ദേവസിയെ നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമം ആരംഭിച്ചു. നടപടികൾ എളുപ്പത്തിലാക്കാൻ ജീവകാരുണ്യ പ്രവർത്തകൻ ഷിഹാബ് കൊട്ടുകാടിന്റെ സഹായവും തേടി. തുടർന്ന് ഷിഹാബും ഷംനാദും ആശുപത്രിയിലെത്തി യാത്രക്കായുള്ള നടപടികളിൽ ആരംഭിച്ചു. യാത്രയുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കുമ്പോഴാണ് ദേവസിയുടെ ഇഖാമയിലെ സ്റ്റാറ്റസ് ഹുറൂബ് (ഒളിച്ചോടി) ആണെന്നറിയുന്നത്. തുടർന്ന് ഷിഹാബ് ഇന്ത്യൻ എംബസിയുടെ സഹായം തേടി. എംബസി ഉദ്യോഗസ്ഥൻ സാബിർ ഇടപെടുകയും ഹുറൂബ് നീക്കി എക്സിറ്റ് നേടി തുടർ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾക്കിടെ ആരോഗ്യനില മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
യാത്ര അനിശ്ചിതമായി നീണ്ടപ്പോൾ അന്നയോട് ആദ്യം നാട്ടിലേക്ക് മടങ്ങാമെന്നും അച്ഛനെ എത്തിക്കാനുള്ള കാര്യങ്ങൾ നോക്കാമെന്നും സാമൂഹ്യ പ്രവർത്തകർ പറഞ്ഞിരുന്നു. എന്നാൽ അച്ഛനെ കൊണ്ടുപോകാനാണ് വന്നതെന്നും അദ്ദേഹത്തിനൊപ്പം തന്നെ മടങ്ങണമെന്നുമായിരുന്നു അന്നയുടെ തീരുമാനം. നടപടികൾ പൂർത്തിയാക്കി നാട്ടിൽ ചികിത്സക്കായുള്ള ഏർപ്പാടുകളെല്ലാം ചെയ്ത് ശുഭ പ്രതീക്ഷയിലായിരുന്നു അന്നയും സഹായത്തിനെത്തിയ സാമൂഹ്യപ്രവർത്തകരും. പക്ഷെ വിധിയുടെ തീരുമാനം മറിച്ചായിരുന്നു. ഒടുവിൽ ചേതനയറ്റ അച്ഛന്റ ശരീരത്തിനൊപ്പം നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. യു.കെയിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായ അന്ന ഒക്ടോബർ രണ്ടിനാണ് റിയാദിലെത്തിയത്. മടക്കയാത്രയിൽ അച്ഛന് ധരിക്കാൻ പുത്തൻ വസ്ത്രങ്ങളും ഷൂവും യാത്രയിൽ കരുതിയിരുന്നു. അച്ഛന്റെ വിയോഗ വാർത്ത അറിഞ്ഞതോടെ തകർന്നുപോയ അന്ന ഒടുവിലത്തെ ആഗ്രഹമായി പറഞ്ഞത് താൻ കൊണ്ട് വന്ന വസ്ത്രം അച്ഛനെ അണിയിക്കണമെന്നാണ്. അധികൃതർക്ക് വസ്ത്രം കൈമാറി അന്നയുടെ ആഗ്രഹം ഷിഹാബും ഷംനാദും സാധ്യമാക്കി.
33 വർഷമായി പ്രവാസിയായിരുന്ന ദേവസി ആദ്യകാലത്ത് ഒരു വാട്ടർ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. പിന്നീട് അൽ ഖർജിൽ സ്വന്തമായി വസ്ത്രങ്ങൾ അലക്കുന്ന (ലോൺഡ്രി) നടത്തുകയായിരുന്നു. പക്ഷാഘാതത്തെത്തുടർന്ന് ആദ്യം അൽ ഖർജിന് സമീപം ദിലത്തിലുള്ള പ്രിൻസ് സൽമാൻ ഇബ്ന് മുഹമ്മദ് അൽ സൗദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് റിയാദിലെ ശുമൈസിയിലുള്ള കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. അവിടത്തെ ചികിത്സക്ക് ശേഷം വീണ്ടും ദിലത്തിലെ ആശുപത്രിയിലെത്തിച്ച അദ്ദേഹം ഒക്ടോബർ 15ന് രാത്രി ഹൃദയാഘാതത്തെത്തുടർന്നാണ് മരിച്ചത്.

