പ്രവാസിയും പുനരധിവാസവും: കേളി ഉമ്മുൽ ഹമാം ഏരിയ സെമിനാർ
text_fieldsകേളി ഉമ്മുൽ ഹമാം ഏരിയ സംഘടിപ്പിച്ച സെമിനാർ കേന്ദ്ര രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി ഉമ്മുൽ ഹമാം ഏരിയയുടെ അഞ്ചാം സമ്മേളനത്തിന്റെ ഭാഗമായി 'പ്രവാസിയും പുനരധിവാസവും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ബത്ഹയിലെ ലുഹ ഹാളിൽ നടന്ന പരിപാടിയിൽ ഏരിയ സെക്രട്ടറി നൗഫൽ സിദ്ദീഖ് മോഡറേറ്ററായി. കേന്ദ്ര രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു.
പ്രവാസികളിൽനിന്നും എമിഗ്രേഷൻ ഇനത്തിലും ഇന്ത്യൻ എംബസികൾ സർവിസ്ചാർജ് ഇനത്തിലും ഈടാക്കിയ വൻ തുക കെട്ടിക്കിടക്കുമ്പോഴും പ്രവാസികളുടെ പുനരധിവാസമുൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. കേരള സർക്കാർ പ്രവാസി പെൻഷൻ ഉയർത്തിയും തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി 2,000 കോടിയുടെ പദ്ധതികൾ കേന്ദ്രത്തിന് സമർപ്പിച്ച് സഹായം അഭ്യർഥിച്ചെങ്കിലും രാജ്യത്തിന്റെ സമ്പദ്ഘടനയിൽ ചെറുതല്ലാത്ത പങ്കുവഹിക്കുന്ന ഒരുവിഭാഗം എന്ന പരിഗണനപോലും നൽകാതെ കേരളത്തിന്റെ സഹായാഭ്യർഥനയെ നിഷ്കരുണം തള്ളിക്കളയുന്ന സ്ഥിതിയാണ് ഉണ്ടായതെന്നും സതീഷ് കുമാർ അഭിപ്രായപ്പെട്ടു.
ഏരിയ രക്ഷാധികാരി സമിതി അംഗം സുരേഷ് പ്രബന്ധം അവതരിപ്പിച്ചു. പ്രവാസികളുടെ മക്കൾക്ക് ഉന്നതപഠനത്തിന് വിദ്യാഭ്യാസ ഗ്രാന്റ് വർധിപ്പിക്കുക, 60 വയസ്സ് കഴിഞ്ഞവർക്കും ക്ഷേമനിധിയിൽ അംഗത്വം അനുവദിക്കുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികൾക്ക് കുറഞ്ഞ പലിശയിൽ ഭവനവായ്പ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു.
ചർച്ചകൾക്ക് രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ മറുപടി പറഞ്ഞു. ഏരിയ പ്രസിഡന്റ് ബിജു, രക്ഷാധികാരി സമിതിഅംഗം ചന്ദു ചൂഢൻ എന്നിവർ സംസാരിച്ചു. മുറൂജ് യൂനിറ്റ് സെക്രട്ടറി മൻസൂർ, ട്രഷറർ വിപീഷ് രാജ്, സൗത്ത് യൂനിറ്റ് പ്രസിഡന്റ് റോയ് തോമസ്, നോർത്ത് യൂനിറ്റ് പ്രസിഡന്റ് ഷാജഹാൻ, അഖീഖ് യൂനിറ്റ് പ്രസിഡന്റ് അനിൽ, ട്രഷറർ സുധിൻ കുമാർ, അബ്ദുസലാം, അക്ബർ അലി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഏരിയ ജോ. സെക്രട്ടറി കലാം സ്വാഗതവും രക്ഷാധികാരി സമിതി അംഗം അബ്ദുൽകരീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

