വ്യായാമത്തിന് പൊതുസൗകര്യം: യാംബുവിൽ സിന്തറ്റിക് സ്പോർട്ട് പാർക്കുകൾ
text_fieldsയാംബു: മനസ്സിന് കരുത്തു പകരാനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും യാംബു മുനിസിപ്പാലിറ്റി പ്രദേശവാസികൾക്ക് പൊതുഇടങ്ങളിൽ വ്യായാമ സൗകര്യം ഒരുക്കുന്നു. സിന്തറ്റിക് സ്പോർട്ട് പാർക്കുകൾ സ്ഥാപിച്ചാണ് ഓട്ടവും നടത്തവും ശീലമാക്കാൻ സൗകര്യമൊരുക്കുന്നത്. യാംബു ടൗണിൽനിന്ന് ഉംലജ് റോഡിലൂടെ രണ്ടു കിലോമീറ്റർ മുന്നോട്ടുപോയാൽ അൽസുമൈരി ഏരിയയിൽ ജവാസത് സമുച്ചയത്തിന് എതിർവശത്തായി അടുത്ത കാലത്ത് ഉദ്ഘാടനം ചെയ്ത 1200 മീറ്റർ നീളത്തിൽ വിശാലമായ സിന്തറ്റിക് സ്പോർട്ട് പാർക്ക് കായിക പ്രേമികളുടെയും ആരോഗ്യ സംരക്ഷണം ആഗ്രഹിക്കുന്നവരുടെയും ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ്.
പ്രഭാതങ്ങളും സായാഹ്നങ്ങളും ഇപ്പോൾ ജനനിബിഡമാണിവിടെ. കുടുംബത്തോടൊന്നിച്ച് വ്യായാമത്തിനായി നിത്യവും വരുന്നവരുടെ എണ്ണം കൂടുന്നു. ഒരു കിലോമീറ്ററിലധികം നീളമുള്ള സിന്തറ്റിക് ട്രാക്കോടു കൂടിയ നടപ്പാതയുടെ നടുവിൽ വ്യായാമത്തിനുള്ള 30ഒാളം ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇരുഭാഗത്തുമുള്ള റോഡരികിൽ വിശാല വാഹന പാർക്കിങ് സൗകര്യവുമുണ്ട്. പാർക്കിന് നിറപ്പകിട്ടേകാൻ ആകർഷണീയ മരങ്ങൾ ചുറ്റിലുമുണ്ട്. പച്ചനിറത്തിലുള്ള ലൈറ്റുകൾ ഇവിടത്തെ രാത്രിക്കാഴ്ചയെ മനോഹരമാക്കുന്നു. വ്യായാമം ചെയ്ത് ക്ഷീണിച്ചാൽ കാഴ്ച കണ്ട് ഇരിക്കാനുള്ള ഇരിപ്പിടങ്ങളുമുണ്ട്. മലയാളികളടക്കം ഒറ്റക്കും കൂട്ടായും കുടുംബമായുമെല്ലാം വൈകുന്നേരങ്ങളിൽ ഇവിടെ എത്തുന്നവർ ധാരാളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

