അൽഉല ട്രയൽ റേസ് മത്സരങ്ങൾക്ക് ആവേശകരമായ തുടക്കം
text_fieldsഈ വർഷത്തെ അൽഉല ട്രയൽ റേസ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ
അൽഉല: സൗദി അറേബ്യയുടെ പൈതൃകനഗരമായ അൽഉലയുടെ ഹൃദയഭാഗത്ത് ലോകമെമ്പാടുമുള്ള കായികതാരങ്ങളെ സാക്ഷിയാക്കി അൽഉല ട്രയൽ റേസ് 2026ന് ഉജ്ജ്വല തുടക്കമായി. പ്രകൃതി വിസ്മയങ്ങൾക്കും പുരാതന ശിലാരൂപങ്ങൾക്കും ഇടയിലൂടെയുള്ള ഈ കായിക മാമാങ്കം അൽഉലയെ ആഗോള സാഹസിക കായിക വിനോദങ്ങളുടെ പ്രധാന കേന്ദ്രമായി അടയാളപ്പെടുത്തുന്നു.
വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ, പ്രഫഷനലുകൾക്കായുള്ള കഠിനമായ 100 കിലോമീറ്റർ അൾട്രാ മാരത്തണും 50 കിലോമീറ്റർ ഡെസേർട്ട് റണ്ണുമാണ് പ്രധാന ആകർഷണങ്ങൾ. കൂടാതെ, ചരിത്രപ്രസിദ്ധമായ എലിഫന്റ് റോക്ക്, അൽഉല ഒയാസിസ് പൈതൃക പാതകൾ എന്നിവയിലൂടെയുള്ള 23 കി.മീ, 10 കി.മീ റേസുകൾ ഓട്ടക്കാർക്ക് നവ്യമായ അനുഭവം നൽകുന്നു.
ആദ്യ ദിനത്തിൽ കുട്ടികൾക്കായുള്ള ഓട്ടമത്സരങ്ങളും വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും കൊണ്ട് നഗരം സജീവമായിരുന്നു. 13 വയസ്സിന് മുകളിലുള്ളവർക്കായി പ്രത്യേകം തയ്യാറാക്കിയ സൺസെറ്റ് റൺ കാണികൾക്ക് മനോഹര കാഴ്ചയായി. രണ്ടാം ദിനത്തിൽ കായിക ലോകം കാത്തിരിക്കുന്ന ദീർഘദൂര എൻഡുറൻസ് മത്സരങ്ങളാണ് പ്രധാനമായും നടക്കുന്നത്.
മത്സരങ്ങൾ പൂർത്തിയാകുന്നതോടെ ഓൾഡ് ടൗൺ ആംഫി തിയറ്ററിലെ റേസ് വില്ലേജിൽ വെച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിജയികൾക്ക് മെഡലുകൾ വിതരണം ചെയ്യും. കായികക്ഷമതയും സാംസ്കാരിക പൈതൃകവും ഒത്തുചേരുന്ന ഈ വലിയ ആഘോഷം അൽഉലയുടെ ടൂറിസം മേഖലക്ക് പുത്തൻ ഉണർവാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

