മണലാരണ്യത്തിൽ കുതിരക്കുളമ്പടി; അൽഉല ഡെസേർട്ട് പോളോയ്ക്ക് ആവേശകരമായ തുടക്കം
text_fieldsഅൽഉല: ലോകകായിക ഭൂപടത്തിൽ ശ്രദ്ധാകേന്ദ്രമായി മാറുന്ന അൽഉലയിൽ, അഞ്ചാമത് ‘ഡെസേർട്ട് പോളോ’ ചാമ്പ്യൻഷിപ്പിന് പൊടിപറത്തിയ തുടക്കം. ചരിത്രപ്രസിദ്ധമായ അൽഫുർസാൻ ഇക്വസ്ട്രിയൻ വില്ലേജിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിലാണ് ടൂർണമെൻറിന് ആരംഭമായത്. അൽഉല റോയൽ കമീഷനാണ് സംഘാടകർ. ആറ് ടീമുകളിലായി ലോകത്തിലെ ഏറ്റവും മികച്ച 18 പോളോ താരങ്ങളാണ് മാറ്റുരക്കുന്നത്. മൂന്ന് ദിവസങ്ങളിലായി ആകെ ഒമ്പത് പോരാട്ടങ്ങളാണ് നടക്കുന്നത്.
ലോകത്തെ പ്രീമിയർ ഡെസേർട്ട് പോളോ ഡെസ്റ്റിനേഷനായി മാറിയ അൽഉലയിൽ, കായിക വീര്യത്തിനൊപ്പം സാംസ്കാരിക പൈതൃകവും ഒത്തുചേരുന്നു എന്നതാണ് ഈ ടൂർണമെൻറിെൻറ പ്രത്യേകത. വൻതോതിലുള്ള പ്രാദേശിക-അന്തർദേശീയ മാധ്യമങ്ങളുടെ സാന്നിധ്യം ഇത്തവണത്തെ മത്സരങ്ങൾക്ക് ആഗോള ശ്രദ്ധ ഉറപ്പാക്കുന്നു. മത്സരങ്ങൾക്കൊപ്പം അതിഥികൾക്കായി ഒരുക്കിയിരിക്കുന്ന ആഡംബരപൂർണമായ വിനോദപരിപാടികളും ടൂർണമെൻറിനെ വ്യത്യസ്തമാക്കുന്നു.
സൗദി അറേബ്യയുടെ വിനോദസഞ്ചാര-കായിക ഭാവിയുടെ പ്രതിഫലനമായാണ് ഈ ചാമ്പ്യൻഷിപ്പ് വിലയിരുത്തപ്പെടുന്നത്. അൽഉലയുടെ തനതായ ഭൂപ്രകൃതിയെ ലോകോത്തര കായിക മത്സരങ്ങളുമായി സംയോജിപ്പിക്കുന്നതിലൂടെ, 2026-ഓടെ ലോകത്തെ ഏറ്റവും മികച്ച സ്പോർട്സ് ടൂറിസം കേന്ദ്രങ്ങളിലൊന്നായി ഈ നഗരത്തെ മാറ്റാനാണ് രാജ്യം ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

