അൽഉലയിൽ ആവേശത്തിെൻറ ട്രാക്ക് ഉണരുന്നു അൽഉല ട്രയൽ റേസിന് ഇന്ന് തുടക്കം
text_fields2025ൽ നടന്ന അൽഉല ട്രയൽ റേസ്
മത്സരത്തിൽനിന്ന്
ജിദ്ദ: ലോകമെമ്പാടുമുള്ള കായികപ്രേമികളെയും സാഹസിക ഓട്ടക്കാരെയും ഒരുപോലെ ആകർഷിച്ചുകൊണ്ട് അൽഉല ട്രയൽ റേസ് 2026-ന് വ്യാഴാഴ്ച തുടക്കമാകുന്നു. സൗദി അറേബ്യയിലെ ചരിത്രനഗരമായ അൽഉലയുടെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കിടയിലൂടെ അരങ്ങേറുന്ന ഈ കായിക മാമാങ്കം രണ്ട് ദിവസങ്ങളിലായാണ് നടക്കുന്നത്. അതിസാഹസികരായ പ്രഫഷനൽ താരങ്ങൾക്കായി 100 കിലോമീറ്റർ, 50 കിലോമീറ്റർ റേസുകൾ ഒരുക്കുമ്പോൾ തന്നെ, സാധാരണക്കാർക്കും കുട്ടികൾക്കുമായി 1.6 കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെയുള്ള വിവിധ വിഭാഗങ്ങളും ഈ ടൂർണമെൻറിലുണ്ട്.
യുനെസ്കോ പൈതൃക കേന്ദ്രമായ ഹെഗ്ര, മരായ ഹാൾ, പുരാതന നഗരങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ ഓട്ടം കേവലം ഒരു മത്സരത്തിനുപരി അൽഉലയുടെ സാംസ്കാരിക ഭംഗി അനുഭവിച്ചറിയാനുള്ള സുവർണാവസരം കൂടിയാണ്. മത്സരത്തോടൊപ്പം തന്നെ കാണികൾക്കായി വിപുലമായ ആഘോഷപരിപാടികളും അൽഉലയിൽ ഒരുക്കിയിട്ടുണ്ട്. മ്യൂസിക് ഷോകൾ, വിവിധ കലാപ്രകടനങ്ങൾ, വൈവിധ്യമാർന്ന ഭക്ഷണശാലകൾ എന്നിവയടങ്ങിയ റേസ് വില്ലേജ് സന്ദർശകർക്ക് ഒരു ഉത്സവപ്രതീതി പകരും.
ആദ്യദിനം 50 കിലോമീറ്റർ റേസും കുട്ടികളുടെ ഓട്ടവും നടക്കുമ്പോൾ, രണ്ടാം ദിനം സൂര്യോദയത്തോടെ 100 കിലോമീറ്റർ വിഭാഗത്തിന് തുടക്കമാകും. ആഗോള കായിക ഭൂപടത്തിൽ അൽഉലയുടെ സ്ഥാനം ഉറപ്പിക്കുന്ന ഈ ഇവൻറ് കായികക്ഷമതയും സാഹസികതയും ഒത്തുചേരുന്ന അവിസ്മരണീയമായ ഒന്നായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

