സൗദി മാധ്യമ നിയന്ത്രണ മാർഗനിർദേശങ്ങൾക്ക് മികച്ച പ്രതികരണം –സൗദി മീഡിയ മന്ത്രി
text_fieldsസൗദി മീഡിയ മന്ത്രി സൽമാൻ അൽ ദൂസരി റിയാദിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുന്നു
റിയാദ്: സൗദിയിലെ മാധ്യമ നിയന്ത്രണ മാർഗനിർദേശങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സൗദി മീഡിയ മന്ത്രി സൽമാൻ അൽ ദൂസരി. റിയാദിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉള്ളടക്ക നിർമാതാക്കൾക്ക് നിയമലംഘനങ്ങൾ മനസ്സിലാക്കാനും അവ ഒഴിവാക്കാനും സഹായിക്കുന്ന മാർഗനിർദേശങ്ങൾ തയാറാക്കാൻ ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ (ജനറൽ അതോറിറ്റി) പ്രവർത്തിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ശിൽപശാലകളും സംഘടിപ്പിച്ചു.
മൂല്യങ്ങൾക്ക് വിരുദ്ധമായതും ഹാനികരമായതുമായ ഉള്ളടക്കങ്ങൾക്കെതിരെ സമൂഹം തന്നെ ആദ്യ പ്രതിരോധ നിരയായി നിലകൊള്ളുന്നത് സന്തോഷകരമാണ്. ഇത്തരം ഉള്ളടക്കങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടത് അധികാരികളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹാനികരമായ ഉള്ളടക്കം സൃഷ്ടിക്കുന്നവർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷ പൊതുസമൂഹത്തിന്റെ അവഗണനയാണെന്നും, അത്തരം ഉള്ളടക്കങ്ങൾ കാണുകയോ പങ്കുവെക്കുകയോ പ്രതികരിക്കുകയോ ചെയ്യാതിരുന്നാൽ അവ സ്വയം ഇല്ലാതാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിവിധ ഗെയിമുകളിലെ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി, റോബ്ലോക്സ് ഗെയിമിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതായി മന്ത്രി വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് കമ്പനിയുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ റോബ്ലോക്സ് ഗെയിം വോയ്സ്, ടെക്സ്റ്റ് ചാറ്റ് ഫീച്ചറുകൾ നീക്കം ചെയ്യുകയും മൂന്ന് ലക്ഷത്തിലധികം അനുചിതമായ ഓൺലൈൻ ഗെയിമുകൾ തടയുകയും ചെയ്തു.
കുട്ടികളുടെ സംരക്ഷണം കുടുംബങ്ങളുടെ പ്രഥമ ഉത്തരവാദിത്തമാണെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു. ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. മാതാപിതാക്കൾ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും അവർ കാണുന്ന ഉള്ളടക്കങ്ങൾ പ്രായത്തിനനുസരിച്ചുള്ളതാണെന്ന് ഉറപ്പാക്കുകയും ചെയ്യണം.
ചരിത്രപരമായ പരിവർത്തനത്തിന്റെ പാതയിലാണ് സൗദിയെന്ന് മന്ത്രി പറഞ്ഞു. അടുത്തിടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ സർക്കാർ എടുത്ത തീരുമാനങ്ങൾ ജനങ്ങൾക്ക് ആശ്വാസം നൽകി. മാധ്യമ മേഖലയിലെ പുരോഗതിയും മന്ത്രി ചൂണ്ടിക്കാട്ടി. ഷാർജ ഗവൺമെന്റ് കമ്യൂണിക്കേഷൻ അവാർഡ്സിൽ ആറ് സൗദി സ്ഥാപനങ്ങൾക്ക് ഒമ്പത് പുരസ്കാരങ്ങൾ ലഭിച്ചു.
ഇതിൽ മൂന്നെണ്ണം മീഡിയ മന്ത്രാലയത്തിനാണ്. കൂടാതെ, മാധ്യമ മേഖലയെ കൂടുതൽ വികസിപ്പിക്കുന്നതിനായി 14 ലധികം കമ്പനികൾ മീഡിയ ഫെലോഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിച്ചിട്ടുണ്ട്. ഇത് ഡിജിറ്റൽ മീഡിയ, ഫിലിം പ്രൊഡക്ഷൻ, വീഡിയോ ഗെയിമുകൾ, ഡേറ്റ അനലിറ്റിക്സ് തുടങ്ങിയ ആധുനിക മാധ്യമ മേഖലകളിൽ 200ലധികം പരിശീലന അവസരങ്ങളാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

