സേവന മികവ്, പരാതികൾ കുറവ്: ‘സൗദിയ’യും റിയാദ് വിമാനത്താവളവും മുൻപന്തിയിൽ
text_fieldsറിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം
റിയാദ്: രാജ്യത്തെ വ്യോമയാന മേഖലയിലെ സുതാര്യതയും സേവന നിലവാരവും വർധിപ്പിക്കുന്നതിെൻറ ഭാഗമായി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി (ഗാക) മെയ് മാസത്തിലെ ദേശീയ വിമാനക്കമ്പനികളുടെയും വിമാനത്താവളങ്ങളുടെയും പ്രകടന സൂചിക പുറത്തുവിട്ടു. യാത്രക്കാരിൽ നിന്ന് ലഭിച്ച 2,155 പരാതികളുടെ കൃത്യമായ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ഏറ്റവും കുറവ് പരാതികൾ ലഭിച്ച വിമാനക്കമ്പനികളുടെ പട്ടികയിൽ സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഓരോ ലക്ഷം യാത്രക്കാർക്കും വെറും 43 പരാതികൾ എന്ന മികച്ച നിരക്ക് രേഖപ്പെടുത്തിയ അവർ 81 ശതമാനം പരാതികളും പരിഹരിച്ചു. തൊട്ടുപിന്നാലെ ഓരോ ലക്ഷം യാത്രക്കാർക്കും 58 പരാതികളുമായി ഫ്ലൈനാസ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, ലഭിച്ച പരാതികളിൽ 100 ശതമാനവും അവർ വിജയകരമായി പരിഹരിച്ചു. ഓരോ ലക്ഷം യാത്രക്കാർക്കും 90 പരാതികൾ രേഖപ്പെടുത്തിയ ഫ്ലൈഅദീൽ ആണ് മൂന്നാമത്. ഇവർ 99 ശതമാനം പരാതികളും ഫലപ്രദമായി പരിഹരിച്ചിട്ടുണ്ട്.
വിമാനത്താവളങ്ങളുടെ പ്രകടന സൂചികയിൽ, റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമാണ് തങ്ങളുടെ വിഭാഗത്തിൽ ഏറ്റവും മികച്ച നേട്ടം കൈവരിച്ചത്. കേവലം 13 പരാതികൾ മാത്രം ലഭിച്ച ഇവിടെ 100 ശതമാനം പരാതികളും സമയബന്ധിതമായി പരിഹരിച്ചു. പ്രതിവർഷം 60 ലക്ഷത്തിൽ താഴെ യാത്രക്കാർ എത്തുന്ന വിഭാഗത്തിൽ അമീർ നായിഫ് അന്താരാഷ്ട്ര വിമാനത്താവളവും, ആഭ്യന്തര വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ 100 ശതമാനം പരാതികളും പരിഹരിച്ചുകൊണ്ട് കിങ് സഊദ് വിമാനത്താവളവും മികച്ച പ്രകടനം കാഴ്ചവച്ചു. വ്യോമയാന മേഖലയിൽ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കാനും യാത്രാനുഭവം നിരന്തരം മെച്ചപ്പെടുത്താനുമായി ഫലപ്രദമായ ആശയവിനിമയ മാർഗങ്ങൾ ഉറപ്പാക്കാൻ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്നും ‘ഗാക’ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

