പരീക്ഷക്കാലവും ഉച്ചഭാഷിണിയും
text_fieldsകേരളത്തിലെ കുട്ടികൾ എസ്.എസ്.എൽസി, പ്ലസ് ടു പരീക്ഷക്ക് തയാറെടുത്തുക്കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. വിദ്യാർഥികളുടെ ഏകാഗ്രതയെ ഇല്ലാതാക്കുന്ന രീതിയിൽ ആരാധനാലയങ്ങളിലും, ഉത്സവങ്ങളിലും, ഉറൂസുകളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിൽ നിയന്ത്രണം വേണം. ശബ്ദ മലിനീകരണം മറ്റു പരിസ്ഥിതി മലിനീകരണ പ്രവർത്തനം പോലെ വളരെ ഗൗരവത്തോടെ തന്നെയാണ് നമ്മുടെ നിയമവ്യവസ്ഥ കണ്ടിട്ടുള്ളത്. കേരളത്തിലിപ്പോൾ, ഉറൂസുകളടെയും ഉത്സവങ്ങളുടെയും ചൂട് കാലമാണ് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പല ഉത്സവങ്ങളിലും ഉച്ചഭാഷിണിയിലൂടെ വലിയ ശബ്ദത്തിലാണ് പാട്ടും, ചെണ്ടമേളയും, മറ്റും വെക്കുന്നത്. ആനയെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങളിലും, ഉറൂസുകളിലും മറ്റും ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുന്ന പടക്കങ്ങൾ വരെ നിയന്ത്രിക്കണം.
അമിതമായ ശബ്ദം കുട്ടികളുടെ പഠനത്തെ മാത്രമല്ല ബാധിക്കുന്നത് പ്രായം ചെന്നവർ, രോഗികൾ, തുടങ്ങിയവർക്കും, മറ്റു ജീവജാലങ്ങളുടെയും ആരോഗ്യത്തിന് പോലും ഹാനികരമാണ്. ഉച്ചഭാഷിണികളിൽ നിന്നുള്ള അമിതശബ്ദം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഉറക്കക്കുറവും മാനസിക സമ്മർദ്ദവും തലവേദനയും കേൾവിക്കുറവും ഉണ്ടാവുകയും ചെയ്യും. ആരാധനാലയങ്ങളിലെ മത പ്രസംഗങ്ങൾ അകത്ത് മാത്രം കേൾക്കുന്ന വിധത്തിൽ ലൗഡ്സ് സ്പീക്കറുകൾ ക്രമീകരിക്കുക. പരീക്ഷാ കാലയളവിൽ സാമൂഹ്യവും, മതപരവും, രാഷ്ട്രീയവുമായുള്ള ചടങ്ങുകളും പരിപാടികളും തെരുവുകളിൽ നിന്ന് ഒഴിവാക്കുകയും അത് ഓഡിറ്റോറിയത്തിലോ മറ്റോ സംഘടിപ്പിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.
മുസ് ലിം പള്ളികളിലെ പുറത്തേക്കുള്ള ഉച്ചഭാഷിണി ബാങ്കിന് മാത്രം പരിമിതപ്പെടുത്തുക. അത് അഞ്ചു നേരത്തെ നമസ്കാരസമയങ്ങളിൽ ആകെ പതിനഞ്ച് മിനുട്ടിൽ താഴെയാണ്. അതൊഴിച്ചുള്ള മറ്റുപരിപാടികൾ പള്ളിക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തണം. മനുഷ്യന് പ്രയാസമുണ്ടാക്കുന്ന വിധത്തിലുള്ള പ്രവർത്തനത്തെ ഒരു മതവും അംഗീകരിക്കുന്നില്ല. റമദാനിലെ നോമ്പുകാലവും കൂടിയാണ് വരാൻപോകുന്നത്. രാത്രിയിൽ ഉച്ചഭാഷിണിയിലൂടെ ഖുർആൻ പാരായണവും, പ്രാർഥനകളും, പ്രസംഗങ്ങളും മറ്റും നടത്തുന്നതു കാണാം. ഇതൊക്കെ പള്ളിയിൽ സന്നിഹിതരായവർക്കുമാത്രം കേൾക്കുന്ന വിധത്തിലും പരിസരങ്ങളിൽ ഉറങ്ങുന്നവർക്ക് ശല്യമാവാത്ത വിധത്തിലുമായിരിക്കണം മൈക്ക് ഉപയോഗിക്കേണ്ടത്.
പാതിരാ നേരത്ത് അത്താഴസമയം അറിയിക്കാൻ പള്ളികളിൽ നിന്ന് ഉച്ചഭാഷിണി ഉപയോഗിച്ച് ദിക്റുകളും സ്വലാത്തുകളും പല പള്ളികളിൽ നിന്നും നടത്തുന്നതും കാണാം. ഇത് സ്വാഭാവികമായും നോമ്പ് എടുക്കാത്ത അമുസ് ലിംകൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. അത്താഴ സമയത്ത് എഴുന്നേൽക്കാൻ മൊബൈലിലോ മറ്റോ അലാറം സംവിധാനമുള്ളപ്പോൾ ഉച്ചഭാഷിണിയിലൂടെയുള്ള ഇത്തരം ശബ്ദങ്ങൾ അനാവശ്യമാണ്. ഇത്തരം കാര്യങ്ങളിൽ മതപണ്ഡിതന്മാർ അടിയന്തര ഇടപെടലുകൾ നടത്തേണ്ടിയിരിക്കുന്നു. ഉറങ്ങുന്നവരുടെ അടുക്കൽവെച്ച് ഖുർആൻ പാരായണം ചെയ്യുന്നത് പോലും ഇസ് ലാം വിലക്കുന്നുണ്ട്. ശബ്ദരഹിതവും സ്വസ്ഥവുമായ അന്തരീക്ഷമാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
അഫ്സൽ കയ്യങ്കോട്, ദമ്മാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

