എക്സ് മുസ്ലിം സംഘടന ഇസ്ലാമിന് ഭീഷണിയല്ല -ഉസാമ മുഹമ്മദ്
text_fieldsജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച വാരാന്ത്യ ഓൺലൈൻ പരിപാടിയിൽ ‘മുസ്ലിമും എക്സ് മുസ്ലിമും’ എന്ന വിഷയത്തിൽ ഉസാമ മുഹമ്മദ് എളയാവൂർ സംസാരിക്കുന്നു
ജിദ്ദ: ഇസ്ലാമിൽനിന്നും പുറത്തുപോയവർ കേരളത്തിൽ രൂപവത്കരിച്ച എക്സ് മുസ്ലിം സംഘടന ഇസ്ലാമിന് ഒരുതരത്തിലുള്ള ഭീഷണിയുമല്ലെന്ന് പ്രബോധകൻ ഉസാമ മുഹമ്മദ് എളയാവൂർ അഭിപ്രായപ്പെട്ടു. ഇസ്ലാം എന്നത് കേവല ആചാരാനുഷ്ഠാനങ്ങൾ മാത്രമല്ല, മനുഷ്യരുടെ ഐഹിക, പാരത്രിക ജീവിതത്തിനുള്ള സമ്പൂർണ ജീവിത പദ്ധതിയാണെന്നും അതുൾക്കൊള്ളുന്നവരുടെ എണ്ണം കൂടിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച വാരാന്ത്യ ഓൺലൈൻ പരിപാടിയിൽ 'മുസ്ലിമും എക്സ് മുസ്ലിമും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിമായി ജനിക്കുകയും ഇസ്ലാമിക ആശയങ്ങളിൽ വിശ്വാസം ഇല്ലാത്തവരുമാണ് ഭൗതിക വാദികളും യുക്തിവാദികളുമായിപ്പോകുന്നത്. ലോകത്തിനാകമാനം മാതൃകയായ പ്രവാചകന്റെ ജീവിതത്തിൽനിന്ന് ഏതെങ്കിലും ഒരുഭാഗം അടർത്തിയെടുത്ത് ഇവർ സോഷ്യൽ മീഡിയയിലും മറ്റും ദുഷ്പ്രചാരണം നടത്തുകയാണ്.
സത്യസന്ധമായി പ്രവാചക ജീവിതം പഠിക്കുന്നവർക്ക് അവ ദൈവിക സന്ദേശങ്ങളാണെന്ന് ബോധ്യപ്പെടുമെന്നും ലോകത്ത് പ്രവാചക വിമർശകരായ പലരും പിന്നീട് പ്രവാചക അനുയായികളായി മാറിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. കുടുംബങ്ങളിൽ ഇസ്ലാമിക ബോധം വളർത്താൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വഴിതെറ്റിപ്പോകുന്ന മുസ്ലിം യുവതയെപ്പറ്റി ഗൗരവമായി ചിന്തിക്കണം. കലാലയങ്ങളിൽ പഠിക്കുന്ന അവർക്ക് ഖുർആനും പ്രവാചക ചര്യയും പഠിക്കാൻ അവസരം ഉണ്ടാക്കണം. പ്രബോധകരും പണ്ഡിതരും ആധുനിക കാലഘട്ടത്തിൽ അവരുടെ ഉത്തരവാദിത്തം നിറവേറ്റാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇസ്ലാഹി സെന്റർ സെക്രട്ടറി ശിഹാബ് സലഫി എടക്കര സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

