ഒടുവിൽ നിയമക്കുരുക്കഴിച്ച് സഫിയ നാട്ടിലേക്കു മടങ്ങി
text_fieldsസഫിയ
ദമ്മാം: സ്പോൺസർ അന്യായമായി ഹുറൂബ് ആക്കിയതിനാൽ നിയമക്കുരുക്കിൽപെട്ട കർണാടക സ്വദേശിനി, നവയുഗം ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. കർണാടക പുത്തൂർ സ്വദേശിനി സഫിയയാണ് ദുരിതകാലം കടന്ന് നാട്ടിലേക്കു മടങ്ങിയത്. നാലു വർഷം മുമ്പാണ് സഫിയ ദമ്മാമിലെ സൗദി പൗരന്റെ വീട്ടിൽ ജോലിക്കെത്തിയത്. രണ്ടുവർഷത്തോളം അവിടെ ജോലി ചെയ്തു.
ആദ്യമൊക്കെ ശമ്പളം മാസാമാസം കിട്ടിയിരുന്നു. എന്നാൽ, പിന്നീട് സ്പോൺസറുടെ സാമ്പത്തിക സ്ഥിതി മോശമായതു കാരണം, ശമ്പളം സമയത്തു കിട്ടാതെയായി. ഒടുവിൽ സ്പോൺസർ സഫിയയെ മറ്റൊരു സൗദി കുടുംബത്തിന് കൈമാറുകയായിരുന്നു. സ്പോൺസർഷിപ് മാറ്റി എന്നായിരുന്നു സഫിയയോട് അയാൾ പറഞ്ഞത്. എന്നാൽ, സഫിയ അറിയാതെ അവരെ ഹുറൂബ് (ഒളിച്ചോടിയ തൊഴിലാളി) സ്റ്റാറ്റസിൽ ആക്കുകയായിരുന്നു സ്പോൺസർ ചെയ്തത്.
പുതിയ വീട്ടിൽ ഒരു വർഷത്തോളം നിന്ന ശേഷം, നാട്ടിൽ വെക്കേഷന് പോകാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴാണ്, താൻ ഹുറൂബിൽ ആണെന്ന് സഫിയ മനസ്സിലാക്കിയത്. തുടർന്ന് ആ കുടുംബക്കാർ സഫിയയെ ദമ്മാം വനിത അഭയകേന്ദ്രത്തിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.
വനിത അഭയകേന്ദ്രം അധികൃതർ അറിയിച്ചതനുസരിച്ച് അവിടെയെത്തിയ നവയുഗം ആക്റ്റിങ് പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകയുമായ മഞ്ജു മണിക്കുട്ടൻ സഫിയയുമായി സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കുകയും അവരെ നാട്ടിൽ എത്തിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു.
മഞ്ജുവിന്റെയും നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെയും ശ്രമഫലമായി നിയമക്കുരുക്കുകളും പരിഹരിച്ച് ഇന്ത്യൻ എംബസിയിൽനിന്ന് ഔട്ട്പാസ് വാങ്ങി. ഒടുവിൽ വനിത അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനൽ എക്സിറ്റും അടിച്ചു. നവയുഗത്തിന്റെ അഭ്യർഥന മാനിച്ച് കർണാടക സ്വദേശികൾ അവരുടെ ടിക്കറ്റ് സ്പോൺസർ ചെയ്തു. നിയമനടപടികൾ പൂർത്തിയാക്കി, എല്ലാവർക്കും നന്ദി പറഞ്ഞ് സഫിയ നാട്ടിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

