സുഡാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കൽ; വി. മുരളീധരൻ ജിദ്ദയിലെത്തി
text_fieldsജിദ്ദ: അഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽനിന്ന് ഇന്ത്യൻ കപ്പലുകളിൽ ജിദ്ദയിലെത്തിക്കുന്ന പൗരന്മാർക്ക് താമസമൊരുക്കുന്നതിനും വിമാനങ്ങളിൽ അവരെ നാട്ടിലെത്തിക്കാനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ജിദ്ദയിലെത്തി. റിയാദിലെ ഇന്ത്യൻ എംബസിയിൽനിന്ന് അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എൻ. രാംപ്രസാദ് തുടങ്ങിയവരും ജിദ്ദയിലെത്തി പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുന്നു. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഷാഹിദ് ആലവും പ്രവർത്തനങ്ങളുടെ ഏകോപനവുമായി രംഗത്തുണ്ട്.
അതേസമയം ഇന്ന് രാത്രി എട്ടോടെ ജിദ്ദ തുറമുഖത്ത് ഇന്ത്യൻ നാവിക സേനയുടെ െഎ.എൻ.എസ് സുമേധ എന്ന കപ്പലിൽ എത്തുന്ന 278 ഇന്ത്യൻ പൗരന്മാരെ സ്വീകരിക്കുന്നതിനും അവർക്ക് താമസസൗകര്യമൊരുക്കുന്നതിനും മന്ത്രിയുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ആവശ്യമായ നടപടികളെല്ലാം കൈകൊണ്ടുകഴിഞ്ഞു. മലയാളികൾക്ക് പുറമെ, തമിഴ്നാട്, ഉത്തർ പ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ജിദ്ദയിലെത്തുന്ന ആദ്യ സംഘത്തിലുള്ളത്.
ഇങ്ങനെ വരുന്നവർക്ക് ജിദ്ദയിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലാണ് താൽക്കാലിക താമസസൗകര്യം ഒരുക്കുന്നത്. ഇതിനായി സ്കൂളിലെ ആൺകുട്ടികളുടെ വിഭാഗത്തിന് ബുധനാഴ്ച മുതൽ അനിശ്ചിത കാലത്തേക്ക് അവധി നൽകിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഓൺലൈനിലായിരിക്കും ക്ലാസ് എന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

