പള്ളികളിലെ വൈദ്യുതി, ജല ദുരുപയോഗം തടയാൻ നടപടി
text_fieldsയാംബു: രാജ്യത്തെ പള്ളികളിലെ വൈദ്യുതി, ജല ദുരുപയോഗം തടയാൻ കർശന നിരീക്ഷണവുമായി ഇസ്ലാമികകാര്യ മന്ത്രാലയം. ഇത്തരത്തിൽ ദുരുപയോഗം സംബന്ധിച്ച് റിപ്പോർട്ട് ചെയ്ത 2,526 കേസുകളിൽ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കർക്കെതിരെ ശിക്ഷാനടപടി കൈക്കൊള്ളുമെന്നും മന്ത്രാലയം അറിയിച്ചു.
മോസ്ക് ഫെസിലിറ്റീസ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെൻറാണ് പള്ളികളിൽ നിരീക്ഷണം നടത്തുന്നത്. വൈദ്യുതിയും വെള്ളവും ദുരുപയോഗം ചെയ്തവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും നിരീക്ഷണങ്ങളിൽ നിയമലംഘനം ബോധ്യപ്പെട്ടാൽ ഉന്നത അധികാരികൾക്ക് കേസ് റഫർ ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
ആരാധനാലയങ്ങളെ ആദരിക്കണമെന്നും അവയുടെ സൗകര്യങ്ങളും വസ്തുവഹകളും ദുരുപയോഗം ചെയ്യരുതെന്നും മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പള്ളികളിലെ സ്വത്ത് സ്വന്തം നേട്ടത്തിനായി ചിലർ ഉപയോഗിക്കുന്നതും വൈദ്യുതിയും വെള്ളവും കൃഷിക്കും മറ്റു ആവശ്യങ്ങൾക്കും വിശ്രമ കേന്ദ്രങ്ങൾക്കും വീടുകൾക്കും പെട്രോൾ പമ്പുകൾക്കും കടകൾക്കും വേണ്ടി ദുരുപയോഗം ചെയ്യുന്നതും കണ്ടെത്തിയിരുന്നു.
മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കും രാജ്യത്തെ എല്ലാ മേഖലകളിലുമുള്ള ബ്രാഞ്ചുകളുടെ ഡയറക്ടർമാർക്കും പള്ളികളിലെ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകി. പള്ളികളുടെയും പൊതുസൗകര്യങ്ങളുടെയും സേവനങ്ങളുടെയും ലംഘനം ശ്രദ്ധയിൽ പെട്ടാൽ മന്ത്രാലയത്തിന്റെ ഏകീകൃത നമ്പറായ 1933ൽ അറിയിക്കാൻ രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

