വിദേശ സംരംഭകർക്ക് അനന്തസാധ്യത
text_fieldsശാക്കിര്‍ ഹുസൈന്, ജിദ്ദ
സൗദിയില്‍ വർധിച്ചുവരുന്ന നിക്ഷേപസാധ്യതകള്‍ നിയമവിധേയമായി ഉപയോഗപ്പെടുത്താൻ വിദേശികൾ മുന്നോട്ടുവരണം. കൂടുതല്‍ മികച്ച നിലയില്‍ സംരംഭകനാവാന്‍ കഴിയുന്ന അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന രൂപത്തിലുള്ള ബിനാമി കച്ചവടത്തിന്റെ വാതിലുകള്‍ സൗദി അറേബ്യ കൊട്ടിയടച്ചിരിക്കുകയാണ്. ഇനി നിയമാനുസൃത വഴികള്‍ മാത്രമെ നിലനില്ക്കുന്നുള്ളൂ.
അതിലൂടെ മാത്രമെ ഭാവിയുള്ളൂ. വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളും വകുപ്പുകളും ചേര്‍ന്ന് ബിനാമി ബിസിനസിനെതിരെ കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന കാര്യം എല്ലാവര്ക്കും അറിവുള്ളതാണ്. മുഹര്‍റം മാസത്തില്‍ മാത്രം ഇത്തരത്തിലുള്ള 6,000 ത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായിട്ടാണ് വിവരം. മറ്റു ആധുനിക സംവിധാനങ്ങളും ബിനാമി ബിസിനസ് കണ്ടെത്താന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇങ്ങനെ കേസിലകപ്പെടുന്നവര്ക്ക് അഞ്ചുവര്‍ഷം ജയില്‍ശിക്ഷയും കൂടാതെ കടുത്ത സാമ്പത്തിക പിഴയും ചുമത്തുന്നതോടൊപ്പം സ്ഥാപനം ജപ്തി ചെയ്യുന്നതുമാണ്. പുതിയ സാഹചര്യത്തില്‍ വിദേശ നിക്ഷേപത്തിന് വലിയ സാധ്യതകളാണ് സൗദി അറേബ്യയില്‍ തെളിഞ്ഞുവരുന്നത്. നിയമപരമായ ആ വഴി പിന്തുടരുന്നതാണ് ഉത്തമമെന്നാണ് ഈ മേഖലയിലെ അനുഭവം. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ലോജിസ്റ്റിക് ഹബ്ബായി മാറുകയാണ് ജിദ്ദ. കെട്ടിട നിർമാണമുൾപ്പെടെയുള്ള പല പദ്ധതികളും നടപ്പാവുന്നതോടെ, ധാരാളം വിദേശ തൊഴിലാളികളും എത്തിച്ചേരാന്‍ സാധ്യതയുണ്ട്.
ഇതാണ് സംരംഭകരുടെ ആകര്‍ഷണീയതയായി മാറുന്നത്. സ്ഥാപനങ്ങള്‍ കഫീലുമാര്‍ പിടിച്ചെടുക്കുന്ന പ്രവണത കൂടിവരുകയാണ്. ചെറുകിട സംരംഭകരെ സംബന്ധിച്ചിടത്തോളം ഒന്നിച്ചുചേര്‍ന്ന് ലൈസന്‍സ് എടുക്കാന്‍ കഴിയുന്നതാണ്. ഇതിലൂടെ നിയമവിധേയമായി ബിസിനസ് സംരംഭങ്ങളിലേര്‍പ്പെടാന്‍ സാധിക്കും. ബിനാമി സ്ഥാപനങ്ങള്‍ക്കെതിരെ ഇപ്പോള്‍ കര്‍ശന നടപടി സ്വീകരിച്ചു വരുന്നതിനാല്‍, സ്പോണ്‍സര്‍മാര്‍ സ്ഥാപനം മൊത്തമായിതന്നെ വില്‍ക്കുന്ന പ്രവണതയും വര്‍ധിച്ചിട്ടുണ്ട്. വരും കാലങ്ങളില്‍ വലിയ അവസരങ്ങളുടെ രാജ്യമായി സൗദി അറേബ്യ മാറാനുള്ള ഒരുക്കത്തിലാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്താന്‍ പ്രവാസി മലയാളികള്‍ മുന്നോട്ടു വരേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

