വൈകാരിക മുഹൂർത്തങ്ങൾ സമ്മാനിച്ച തനിമ പ്രവർത്തക സംഗമം
text_fieldsതനിമ റിയാദ് പ്രവർത്തക സംഗമം ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: തനിമ സാംസ്കാരിക വേദി റിയാദിലെ ആദ്യകാല പ്രവർത്തകരും നിലവിലുള്ള അംഗങ്ങളും സംബന്ധിച്ച പ്രവർത്തക സംഗമം വൈകാരിക മുഹൂർത്തങ്ങൾ കൈമാറുന്നതായി മാറി.പഴയകാലത്തിെൻറ മങ്ങാത്ത ഓർമകൾ പങ്കുവെച്ച് മുൻഗാമികളും ആവേശത്തോടെ പുതുതലമുറയും ഓൺലൈൻ സമ്മേളനത്തിൽ പങ്കാളികളായി. എഴുപതുകളുടെ അന്ത്യത്തിൽ പിറവിയെടുത്ത 'റിയാദ് ഇസ്ലാമിക് സ്റ്റഡി സർക്കിളാ'ണ് പിന്നീട് 'കെ.ഐ.ജി'യായും 'തനിമ'യായും മാറിയത്.
ഡോ. മുഹമ്മദ് നജീബ് പരിപാടിക്ക് നാന്ദി കുറിച്ചു. ദൈവം നൽകുന്ന നിരവധി അനുഗ്രഹങ്ങളിൽ ഏതെങ്കിലും ഒന്ന് പരിമിതപ്പെടുത്തുമ്പോൾ വിഹ്വലരായി മാറുകയും ദൈവനിന്ദ പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രവണത അനുചിതമാണെന്നും ക്ഷമയോടെയും സഹനത്തോടെയും ഈ കാലത്തെ നേരിടുകയാണ് വേണ്ടതെന്നും ഖുർആൻ സൂക്തങ്ങളുദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് സംഗമം ഉദ്ഘാടനം ചെയ്തു.
ഫലസ്തീൻ ജനതയുടെ സ്ഥൈര്യവും പോരാട്ടവീര്യവും നമുക്ക് പഠമാവണമെന്നും ബൈത്തുൽ മഖ്ദിസ് വിമോചിപ്പിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.റിയാദ് പ്രൊവിൻസ് പ്രസിഡൻറ് താജുദ്ദീൻ ഓമശ്ശേരി ആമുഖപ്രഭാഷണം നടത്തി. ആദ്യകാല പ്രവർത്തകനും ബത്ഹയിലെ വ്യാപാര പ്രമുഖനുമായിരുന്ന മുത്തലിബ് പയ്യന്നൂരിനെ യോഗം അനുസ്മരിച്ചു. ആദ്യകാല നേതാക്കളായിരുന്ന ഇ.കെ. ഈസ, സഈദ് ഉമർ, അബ്ദുല്ല മൻഹാം, അസ്ഹർ പുള്ളിയിൽ, കോയക്കുട്ടി, അബ്ദുൽ ഖാദർ വടുതല, കെ.കെ. അബ്ദുൽ അസീസ്, നിസാർ കണ്ണൂർ, അലിക്കുഞ്ഞി എടവനക്കാട്, എസ്.എം. നൗഷാദ്, അലി ശഖ്റ, ആമിന ടീച്ചർ, സൽമ അസ്ലം, ബഹ്ജ സിദ്ദിഖ് എന്നിവർ സംസാരിച്ചു. റിയാദിൽനിന്നും സിദ്ദീഖ് ബിൻ ജമാൽ, ബഷീർ രാമപുരം, തൗഫീഖ് റഹ്മാൻ, സലീം മാഹി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.
റസാഖ് കോഴിക്കോട്, നാജിഹ് ശറഫുദ്ദീൻ എന്നിവർ ഗാനങ്ങളാലപിച്ചു. ആദ്യകാല പ്രവർത്തകരായ വി.ടി. അബ്ദുൽ അസീസ് മൗലവി, അബ്ദുറഹ്മാൻ എറിയാട്, ജലീൽ കാഞ്ഞിരപ്പള്ളി എന്നിവർ സംബന്ധിച്ചു. ഇ.കെ ഈസ, അസ്ഹർ പുള്ളിയിൽ, കോയക്കുട്ടി, താജുദ്ദീൻ ഓമശ്ശേരി, സദറുദ്ദീൻ കീഴിശ്ശേരി എന്നിവർ മുഖ്യ സംഘാടകരായിരുന്നു.
ജമാഅത്തെ ഇസ്ലാമി അസി. അമീർ മുജീബുറഹ്മാൻ സമാപന പ്രസംഗം നിർവഹിച്ചു. സ്നേഹത്തിെൻറയും സാഹോദര്യത്തിെൻറയും തീക്ഷ്ണവും ഊഷ്മളവുമായ വികാരങ്ങൾ പങ്കുവെച്ച സംഗമത്തെ അദ്ദേഹം ശ്ലാഘിച്ചു. ഈ കരുത്തുകൊണ്ട് പ്രതിലോമ ശക്തികളെ നേരിടാൻ ആസുരകാലത്ത് നമുക്ക് സാധ്യമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

