Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമീർ മുസാഇദ് ബിൻ അബ്ദുൽ റഹ്മാൻ; കാലഘട്ടത്തിന് മുമ്പേ നടന്ന ഭരണതന്ത്രജ്ഞൻ

text_fields
bookmark_border
അമീർ മുസാഇദ് ബിൻ അബ്ദുൽ റഹ്മാൻ; കാലഘട്ടത്തിന് മുമ്പേ നടന്ന ഭരണതന്ത്രജ്ഞൻ
cancel
camera_alt

അ​മീ​ർ മു​സാ​ഇ​ദ് ബി​ൻ അ​ബ്​​ദു​ൽ റ​ഹ്മാ​ൻ ആ​ലു സ​ഊ​ദ്

റിയാദ്: അമീർ മുസാഇദ് ബിൻ അബ്ദുൽ റഹ്മാൻ ആലു സഊദ്, സൗദി അറേബ്യയുടെ സ്ഥാപക തലമുറയിലെ പ്രമുഖനും ഭരണ-സാമ്പത്തിക-നിയന്ത്രണ മേഖലകളിൽ ശ്രദ്ധേയമായ അടിത്തറയിട്ട വ്യക്തിത്വവുമാണ്. രാജ്യനിർമാണത്തിൽ അദ്ദേഹം നൽകിയ പതിറ്റാണ്ടുകൾ നീണ്ട സംഭാവനകളെ ആദരിച്ചുകൊണ്ട്, സൽമാൻ രാജാവിെൻറ ഉത്തരവിലൂടെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ ശിപാർശപ്രകാരവും ‘സൗദി ഇലക്ട്രോണിക് യൂനിവേഴ്സിറ്റി’യെ ഇനിമുതൽ ‘അമീർ മുസാഇദ് ബിൻ അബ്ദുൽ റഹ്മാൻ യൂനിവേഴ്സിറ്റി’ എന്ന് പുനർനാമകരണം ചെയ്തു.

1918ൽ റിയാദിലെ ഖസ്ർ അൽ ഹുക്മിൽ, ഇമാം അബ്ദുൽ റഹ്മാൻ ബിൻ ഫൈസൽ ആൽ സഊദിെൻറ മകനും രാജ്യശില്പി അബ്ദുൽ അസീസ് രാജാവിെൻറ സഹോദരനുമായാണ് അമീർ മുസാഇദ് ജനിച്ചത്. റിയാദിലെ ശൈഖ് മുഹമ്മദ് ബിൻ മർഹൂമിെൻറ കുടിപ്പള്ളിക്കൂടത്തിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ശൈഖ് സഅദ് ബിൻ അതീഖ്, ശൈഖ് ഹമദ് ബിൻ ഫാരിസ്, ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ ലത്തീഫ് ആൽ ശൈഖ്, ശൈഖ് ഇബ്നു സമ്ഹാൻ എന്നീ പ്രമുഖ പണ്ഡിതന്മാരിൽ നിന്ന് മതപരവും ഭാഷാപരവുമായ ഉപരിപഠനം നേടി.

സാംസ്കാരിക സ്ഥാപനങ്ങൾ പരിമിതമായിരുന്ന 1944-ൽ, സ്വന്തം കൊട്ടാരത്തിനുള്ളിൽ റിയാദിലെ ആദ്യത്തെ പൊതു ലൈബ്രറി അദ്ദേഹം സ്ഥാപിച്ചു. അപൂർവ്വ ഗ്രന്ഥങ്ങളും കൈയെഴുത്തുപ്രതികളും ശേഖരിച്ച ഈ ലൈബ്രറി വിദ്യാർത്ഥികൾക്കും ഗവേഷകർക്കും തുറന്നുകൊടുത്തു. എട്ട് പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

ഔദ്യോഗിക ജീവിതത്തിെൻറ തുടക്കത്തിൽ സുപ്രധാന ഭരണപരമായ തീരുമാനങ്ങളിൽ പങ്കാളിയായി. ദിവാൻ അൽ മുസാലിം (പരാതി പരിഹാര സമിതി) തലവനായി നീതി ന്യായ-ഭരണ സംവിധാനത്തിന് നേതൃത്വം നൽകി. ജനറൽ ഓഡിറ്റ് ബ്യൂറോ രൂപവത്കരണത്തിന് മുൻപ് രാജ്യത്തിെൻറ അക്കൗണ്ടുകൾ പരിശോധിക്കുന്ന ചുമതല വഹിക്കുകയും സാമ്പത്തിക-ഭരണ നിയന്ത്രണ തത്വങ്ങൾക്ക് അടിത്തറയിടുകയും ചെയ്തു.

ഇതിനോടുള്ള ആദരവായി 2017-ൽ റിയാദിലെ ജനറൽ ഓഡിറ്റ് ബ്യൂറോ ആസ്ഥാനത്തെ പ്രധാന ഹാളിന് ‘അമീർ മുസാഇദ് ബിൻ അബ്ദുൽ റഹ്മാൻ ഹാൾ’ എന്ന് റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ അൽ സഊദിെൻറ സാന്നിധ്യത്തിൽ നാമകരണം ചെയ്തു. രാജാവിെൻറ ഉപദേഷ്ടാവും കാബിനറ്റ് അംഗവുമെന്ന നിലയിൽ പൊതു നയരൂപീകരണങ്ങളിൽ പങ്കാളിയായി. 1960-ൽ ആഭ്യന്തര മന്ത്രിയായി സുരക്ഷയും ഭരണസംവിധാനങ്ങളും ശക്തിപ്പെടുത്തി. 1962-ൽ ധനകാര്യ-ദേശീയ സാമ്പത്തിക കാര്യ മന്ത്രിയായി എണ്ണവരുമാനം വർദ്ധിച്ച ഘട്ടത്തിൽ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സാമ്പത്തിക വിനിയോഗത്തിനും നേതൃത്വം നൽകി. 50 വർഷം മുമ്പ് റിയൽ എസ്റ്റേറ്റ് മേഖലയിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കണമെന്ന് അദ്ദേഹം മുന്നോട്ടുവെച്ച നിർദ്ദേശം അന്നത്തെ ഉദ്യോഗസ്ഥർ നിരസിക്കുകയാണുണ്ടായത്.

ഈ ആശയം അന്ന് നടപ്പാക്കിയിരുന്നെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനികൾ സൗദിയിലുണ്ടാകുമായിരുന്നുവെന്ന് 2021-ൽ നൽകിയ അഭിമുഖത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കുകയുണ്ടായി. ഈ കാഴ്ചപ്പാടിെൻറ തുടർച്ചയായാണ് 2020-ൽ പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് വഴി ‘റോഷൻ’ കമ്പനിക്ക് തുടക്കമിട്ടത്.

1986 ഡിസംബർ ഒമ്പതിന് അന്തരിച്ച അമീർ മുസാഇദിെൻറ ഓർമകൾ, അദ്ദേഹം സ്ഥാപിച്ച സാമ്പത്തിക കാഴ്ചപ്പാടുകളിലൂടെയും ഇപ്പോൾ അദ്ദേഹത്തിെൻറ പേര് വഹിക്കുന്ന സർവകലാശാലയിലൂടെയും ചരിത്രത്തിൽ എന്നും സജീവമായി നിലനിൽക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Emir Musaid bin Abdul Rahman
Next Story