മക്കയിൽ ഇലക്ട്രിക് റാപ്പിഡ് ബസ് ശൃംഖലക്ക് തുടക്കം
text_fieldsമക്കയിൽ ആരംഭിച്ച സമ്പൂർണ ഇലക്ട്രിക് ബസ് സർവിസ് പദ്ധതി
മക്ക: പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മക്കയിലെ ആദ്യത്തെ റാപ്പിഡ് ബസ് ശൃംഖലക്ക് തുടക്കം. മിഡിൽ ഈസ്റ്റിൽ തന്നെ ആദ്യത്തേതാണ് ബസ് റാപ്പിഡ് ട്രാൻസിറ്റ് (ബി.ആർ.ടി) സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ബസ് ശൃംഖല. ഉംറക്കും ഹജ്ജിനും പ്രതിവർഷം എത്തുന്ന ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തീർഥാടകരെ സ്വീകരിക്കുന്ന നഗരത്തിെൻറ പവിത്രതയും സ്വകാര്യതയും മാനിക്കുംവിധം ഈ സർവിസ് താമസക്കാർക്കും സന്ദർശകർക്കും തീർഥാടകർക്കും ഒരുപോലെ പ്രയോജനപ്പെടും.
ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേ സ്റ്റേഷനെ മസ്ജിദുൽ ഹറാമുമായി ബന്ധിപ്പിക്കുന്ന സർവിസ് റൂട്ടിന് ഏകദേശം നാല് കിലോമീറ്റർ നീളമുണ്ട്. രണ്ട് പ്രധാന സ്റ്റേഷനുകളും 11 സ്റ്റോപ്പുകളും ഈ റൂട്ടിലുണ്ട്. 15 വർഷത്തിനുള്ളിൽ 7.5 കോടി യാത്രക്കാർക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. ഈ കാലയളവിൽ 23 ടണിലധികം കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ കലരാനുള്ള സാധ്യത കുറക്കുകയും വായുവിെൻറ ഗുണനിലവാരത്തിൽ ഗുണപരമായ സ്വാധീനം ചെലുത്തുകയും ഗതാഗതക്കുരുക്ക് കുറക്കുകയും ചെയ്യും.
യാത്രസമയം 50 ശതമാനം വരെ കുറക്കുകയും ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയും ലോകത്തിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരങ്ങളിലൊന്നിൽ വായുവിെൻറ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്കുള്ള പരിവർത്തനത്തെ ഇത് പിന്തുണക്കുകയും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലെ ജീവിത നിലവാരം ഉയർത്തുകയും ചെയ്യുന്നു.
മക്ക നഗരത്തിൽ ആധുനികവും സുസ്ഥിരവുമായ ഒരു നഗര ഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനുള്ള സംരംഭത്തിെൻറ ഭാഗമാണ് ഈ ബസ് സർവിസ് പദ്ധതി. മക്കയിലെ പുണ്യസ്ഥലങ്ങളുടെ (മസാർ) വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഉമ്മുൽ ഖുറ ഡെവലപ്മെൻറ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനി, സുസ്ഥിര മൊബിലിറ്റിയിലും പുനരുപയോഗ ഊർജ പരിഹാരം എന്നിവയിൽ വൈദഗ്ധ്യം നേടിയ ‘ഇലക്ട്രോമിൻ’ എന്ന കമ്പനിയും സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.
മിഡിൽ ഈസ്റ്റിലെ ഇത്തരത്തിലുള്ള ആദ്യ സംവിധാനമാണിതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഇലക്ട്രിക് ബസുകൾ ഉപയോഗിച്ച് ബസ് റാപ്പിഡ് ട്രാൻസിറ്റ് (ബി.ആർ.ടി) സാങ്കേതികവിദ്യ നടപ്പാക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗത അനുഭവം ലഭിക്കും. പരമ്പരാഗത ഗതാഗത മാർഗങ്ങളിൽ നിന്ന് മികച്ചതും സുരക്ഷിതവും വിശ്വസനീയവുമായ അനുഭവമാക്കി മാറ്റി പൊതുഗതാഗതത്തെ പുനർനിർവചിക്കുന്നതാണ് ഈ പദ്ധതി.
ഓട്ടോമേറ്റഡ് ഫെയർ കലക്ഷൻ സിസ്റ്റങ്ങൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, ടിക്കറ്റ് വെൻഡിങ് മെഷീനുകൾ, ഇൻ-ബസ് വെരിഫിക്കേഷൻ ഉപകരണങ്ങൾ, ഇൻറലിജൻറ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റം, ഫ്ലീറ്റ് മാനേജ്മെൻറ്, ഡ്രൈവർ മോണിറ്ററിങ്, അഡ്വാൻസ്ഡ് അസിസ്റ്റൻസ് സിസ്റ്റങ്ങൾ, റിയൽ-ടൈം വെഹിക്കിൾ ട്രാക്കിങ് എന്നിവയുൾപ്പെടെയുള്ള ഒരു സംയോജിത സാങ്കേതിക സംവിധാനത്തെയാണ് ഈ പദ്ധതി ആശ്രയിക്കുന്നത്. സംയോജിത പ്രവർത്തന, സുരക്ഷാ ചട്ടക്കൂടിനുള്ളിൽ ഇലക്ട്രോമിെൻറ നേതൃത്വത്തിലുള്ള ടീമാണ് ഇത് കൈകാര്യം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

