തബൂക്കിൽ ഇലക്ട്രിക് ബസ് ഗതാഗത പദ്ധതി ഉദ്ഘാടനം ചെയ്തു
text_fieldsഇലക്ട്രിക് ബസ് ഗതാഗത പദ്ധതി പ്രവിശ്യാ ഗവർണർ അമീർ ഫഹദ് ബിൻ സുൽത്താൻ ഉദ്ഘാടനം ചെയ്യുന്നു
തബൂക്ക്: സൗദി വടക്കുപടിഞ്ഞാറൻ നഗരമായ തബൂക്കിൽ ഇലക്ട്രിക് ബസ് ഗതാഗത പദ്ധതി പ്രവിശ്യാ ഗവർണർ അമീർ ഫഹദ് ബിൻ സുൽത്താൻ ഉദ്ഘാടനം ചെയ്തു. ഗതാഗത, ലോജിസ്റ്റിക്സ് സർവിസസ് ഡെപ്യൂട്ടി മന്ത്രി ഡോ. റുമൈഹ് ബിൻ മുഹമ്മദ് അൽ റുമൈഹ്, പ്രവിശ്യാ സെക്രട്ടറി എൻജി. ഹുസാം ബിൻ മുവഫാഖ് അൽ യൂസഫ്, മേഖലയിലെ നിരവധി ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
സൗദിയിൽ പൊതുഗതാഗത രംഗത്ത് ഇലക്ട്രിക് ബസുകൾ ഓടിക്കുന്ന ആദ്യ പദ്ധതിയാണിത്. ഇതോടെ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായി ഇലക്ട്രിക് ബസുകൾ ഓടിക്കുന്ന ആദ്യ സൗദി നഗരമായി തബൂക്ക് മാറി. നിരത്തിലുള്ള ആകെ ബസുകളുടെ 25 ശതമാനം ഇലക്ട്രിക് ആണ്. സുസ്ഥിര ഗതാഗതത്തിനും കാർബൺ ബഹിർഗമനം കുറക്കുന്നതിനുമുള്ള പ്രവണതയെ പ്രതിഫലിപ്പിക്കുന്നതിനുള്ള ചുവടുവെപ്പായാണ് പെതുഗതാഗത പദ്ധതിക്ക് കീഴിൽ ഇലക്ട്രിക് ബസുകൾ ഇറക്കിയിരിക്കുന്നത്.
ആകെ 136 കിലോമീറ്റർ ദൈർഘ്യമുള്ള അഞ്ച് പ്രധാന റൂട്ടുകളിലാണ് ബസ് സർവിസ്. 30 ബസുകളാണ് ഓടുന്നത്. ഇവക്കായി 90 സ്വദേശി ഡ്രൈവർമാരാണ് ജോലി ചെയ്യുന്നത്. നഗരത്തിലുടനീളമുള്ള അഞ്ച് റൂട്ടുകളിലായി 106 സ്റ്റേഷനുകളിൽ ബസുകൾക്ക് സ്റ്റോപ്പുണ്ട്. തബൂക്ക് നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളെ ഈ പാതകൾ ബന്ധിപ്പിക്കുന്നു. പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും ദൈനംദിന യാത്ര സുഗമമാക്കുന്നതിന് ഇത് സഹായിക്കും. ഉപയോക്താക്കളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് സുഖകരവും സുരക്ഷിതവുമായ പൊതുഗതാഗത അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുള്ള പൊതുഗതാഗത അതോറിറ്റിയുടെയും ബന്ധപ്പെട്ട അധികാരികളുടെയും പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

