ജിദ്ദയിൽ തീപാറുന്ന എൽ ക്ലാസിക്കോ ഇന്ന്
text_fieldsജിദ്ദ: ഫുട്ബാൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ഞായറാഴ്ച രാത്രി ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അലിൻമ സ്റ്റേഡിയം സാക്ഷ്യംവഹിക്കുക ആവേശകരമായ എൽ ക്ലാസിക്കോ പോരാട്ടത്തിന്.
രാത്രി 10ന് നടക്കുന്ന ഫൈനലിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും ബാഴ്സലോണയും കിരീടത്തിനായി പൊരുതും. സെമി ഫൈനലിൽ അത്ലറ്റിക് ബിൽബാവോയെ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് തകർത്തെറിഞ്ഞ ആത്മവിശ്വാസവുമായാണ് ഹാൻസി ഫ്ലിക്കിന്റെ ബാഴ്സലോണ എത്തുന്നത്. അതേസമയം, ആവേശകരമായ പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സാബി അലോൺസോയുടെ കീഴിൽ റയൽ മാഡ്രിഡ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
പുതിയ ഫുട്ബാൾ വർഷത്തിൽ ആദ്യ കിരീടം സ്വന്തമാക്കി കരുത്ത് തെളിയിക്കാൻ ഇരുടീമുകൾക്കും ഈ മത്സരം നിർണായകമാണ്. ബിൽബാവോക്കെതിരെ കാഴ്ചവെച്ച അതേ തകർപ്പൻ പ്രകടനം ആവർത്തിക്കാനാണ് തന്റെ ടീം ലക്ഷ്യമിടുന്നതെന്ന് ബാഴ്സ പരിശീലകൻ ഹാൻസി ഫ്ലിക് വ്യക്തമാക്കി. മറുവശത്ത്, റയൽ മാഡ്രിഡ് പോരാട്ടത്തിന് പൂർണ സജ്ജമാണെന്നും സൗദിയിലെ ആരാധകരുടെ പിന്തുണ അത്ഭുതപ്പെടുത്തുന്നതാണെന്നും പരിശീലകൻ സാബി അലോൺസോ അഭിപ്രായപ്പെട്ടു. ഇതിനകം ആറ് തവണ സ്പാനിഷ് സൂപ്പർ കപ്പിന് ആതിഥ്യമരുളിയ സൗദി അറേബ്യയിൽ, ലോകമെമ്പാടുമുള്ള മാധ്യമങ്ങളുടെയും ദശലക്ഷക്കണക്കിന് ആരാധകരുടെയും കണ്ണ് ഇപ്പോൾ ജിദ്ദയിലെ ഈ മഹാപോരാട്ടത്തിലേക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

