ഇ.കെ. നായനാർ പ്രവാസികളുടെ സ്വന്തം മുഖ്യമന്ത്രി -നവോദയ റിയാദ്
text_fieldsനവോദയ റിയാദിൽ സംഘടിപ്പിച്ച ഇ.കെ. നായനാർ
അനുസ്മരണ യോഗത്തിൽ ഷൈജു ചെമ്പൂര് സംസാരിക്കുന്നു
റിയാദ്: ഭരണകൂടങ്ങളാൽ അവഗണിക്കപ്പെട്ടിരുന്ന പ്രവാസികൾക്കായി ആദ്യമായി കേരളത്തിൽ ഒരു വകുപ്പ് രൂപവത്കരിച്ചതും അവർക്ക് ഇൻഷുറൻസ് പരിരക്ഷ അടക്കം ഏർപ്പെടുത്തി പ്രവാസികളും പരിഗണിക്കപ്പെടേണ്ട ജനവിഭാഗമാണെന്ന് പിൻകാല ഭരണകൂടങ്ങളെ ഓർമിപ്പിച്ചത് ഇ.കെ. നായനാർ എന്ന മുഖ്യമന്ത്രിയാണെന്ന് നവോദയ റിയാദ് കമ്മിറ്റി അനുസ്മരിച്ചു. സി.പി.എം എന്ന പാർട്ടിയുടെ ജനകീയ അടിത്തറ വിപുലമാക്കുന്നതിനും കേരള സംസ്ഥാനത്തിന്റെ സാമൂഹിക വളർച്ചക്കും വലിയ പങ്കുവഹിച്ച നേതാവായിരുന്നു നായനാർ.
ഇന്ത്യയിലെ ആദ്യത്തെ ഐ.ടി പാർക്ക്, ക്ഷേമ പെൻഷനുകൾ, സാക്ഷരത പ്രസ്ഥാനം, മാവേലി സ്റ്റോർ, കുടുബശ്രീ, പ്രവാസികാര്യ വകുപ്പ്, സ്കൂളുകളിലെ ഉച്ചഭക്ഷണം തുടങ്ങി സംസ്ഥാനത്തിന്റെ പുരോഗതിക്ക് നായനാർ നൽകിയ സംഭാവനകൾ അതുല്യമാണെന്നും അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത ജീവകാരുണ്യ കമ്മിറ്റി കൺവീനർ ബാബുജി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് വിക്രമലാൽ അധ്യക്ഷത വഹിച്ചു. ഷൈജു ചെമ്പൂര് നായനാരുടെ ജീവചരിത്രം അവതരിപ്പിച്ചു.
അയ്യൂബ് കരൂപ്പടന്ന, ഹരികൃഷ്ണൻ, വിനോദ് കൃഷ്ണ, ഷൗക്കത്ത്, ആരിഫ്, അബ്ദുൽ കലാം, ഷാജു പത്തനാപുരം, അനിൽ പിരപ്പൻകോട്, അമീർ, കുമ്മിൾ സുധീർ എന്നിവർ സംസാരിച്ചു. അനിൽ മണമ്പൂർ സ്വാഗതവും ശ്രീരാജ് നന്ദിയും പറഞ്ഞു.