യു.എസ് എംബസിക്ക് നേരെ ഉൾപ്പടെ റിയാദ്, അൽ ഖർജ് നഗരങ്ങൾ ലക്ഷ്യമാക്കി ഇന്നെത്തിയത് എട്ട് ഡ്രോണുകൾ; ആകാശത്തു വെച്ചു തന്നെ തകർക്കാനായെന്ന് സൗദി പ്രതിരോധ മന്ത്രാലയം
text_fieldsറിയാദ്: യു.എസ് എംബസിക്ക് നേരെ ഉൾപ്പടെ റിയാദ്, അൽ ഖർജ് നഗരങ്ങൾ ലക്ഷ്യമാക്കി ഇന്ന് (ചൊവ്വാഴ്ച) എട്ട് ഡ്രോണുകളാണ് എത്തിയതെന്നും ആകാശത്തു വെച്ചു തന്നെ തകർക്കാനായെന്നും സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടന്നത്. പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം എംബസി കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തെത്തുടർന്ന് എംബസി വളപ്പിൽ ചെറിയ രീതിയിൽ തീപിടുത്തമുണ്ടാവുകയും കെട്ടിടത്തിന് നിസാരമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതോടൊപ്പം റിയാദ്, അൽ-ഖർജ് നഗരങ്ങൾക്ക് സമീപം പറന്ന എട്ട് ഡ്രോണുകൾ പ്രതിരോധ സേന തടയുകയും തകർക്കുകയും ചെയ്തിട്ടുണ്ട്.
ആക്രമണത്തോടുള്ള പ്രതികരണം ഉടൻ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. റിയാദിലെ എംബസിക്ക് നേരെയുള്ള ആക്രമണത്തിനും ഇറാനുമായുള്ള സംഘർഷത്തിനിടെ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിനും ശക്തമായ മറുപടി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും റിയാദ്, ജിദ്ദ, ദഹ്‌റാൻ (ദമ്മാം) എന്നിവിടങ്ങളിലെ അമേരിക്കൻ പൗരന്മാർ വീടിനുള്ളിൽ തന്നെ തുടരണമെന്നും യു.എസ് എംബസി നിർദ്ദേശിച്ചു.
തിങ്കളാഴ്ചയും സമാനമായ രീതിയിൽ അഞ്ച് ഡ്രോണുകൾ റിയാദിലെ അമീർ സുൽത്താൻ എയർബേസിന് സമീപം വെച്ച് സൗദി അറേബ്യ തകർത്തിരുന്നു. കൂടാതെ കിഴക്കൻ പ്രവിശ്യയിലെ റാസ് തനൂറ റിഫൈനറിക്ക് നേരെ ആക്രമണം നടത്താൻ ശ്രമിച്ച രണ്ട് ഡ്രോണുകളും പ്രതിരോധ സേന തകർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

