റഹീം കേസിൽ എട്ടംഗ ദ്വിഭാഷികളുടെ കൈയൊപ്പ്; അറസ്റ്റ് മുതൽ മോചനം വരെ
text_fieldsഅലവി മൗലവി പുളിക്കൽ, മുഹമ്മദ്കുട്ടി കടന്നമണ്ണ, അബ്ദുൽ റസാഖ് സ്വലാഹി, അബ്ദുറഹ്മാൻ മദീനി, മുഹമ്മദ് നജാത്തി,
ഹനീഫ പുല്ലിപ്പറമ്പ്, മിദ്ലാജ് സ്വലാഹി, സുലൈമാൻ ഊരകം
റിയാദ്: സൗദി ജയിലിൽനിന്ന് മോചിതനായി നാട്ടിലേക്ക് മടങ്ങിയ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിെൻറ കോടതി നടപടികൾ മുതൽ മോചനവിധി വരെ പരിഭാഷപ്പെടുത്തിയത് എട്ടംഗ മലയാളി സംഘം. സൗദിയിലെത്തി ഒരു മാസത്തിനുള്ളിൽ തന്നെ കേസിൽ പെട്ടതിനാൽ റഹീമിന് അറബ് ഭാഷ ഉപയോഗിക്കുന്നതിൽ പരിമിതിയുണ്ടായിരുന്നു. കോടതിയിൽ ന്യായാധിപന് മുമ്പാകെ നേരിട്ട് നൽകേണ്ട മൊഴികൾ വിവർത്തനം ചെയ്ത് കേൾപ്പിച്ചതും രേഖകൾ വിവിധ ഘട്ടങ്ങളിലുള്ള വിധിപ്പകർപ്പ് ഉൾപ്പടെയുള്ള വിവർത്തനം ചെയ്തതും ഇവരാണ്.
അലവി മൗലവി പുളിക്കൽ, മുഹമ്മദ്കുട്ടി കടന്നമണ്ണ, അബ്ദുൽ റസാഖ് സ്വലാഹി, അബ്ദുറഹ്മാൻ മദീനി, മുഹമ്മദ് നജാത്തി, ഹനീഫ പുല്ലിപ്പറമ്പ്, മിദ്ലാജ് സ്വലാഹി, മാധ്യമ പ്രവർത്തകൻ സുലൈമാൻ ഊരകം എന്നിവരായിരുന്നു ആ എട്ട് അംഗ സംഘം. കോടതിയിൽ മുറിയിൽ നേരിട്ടെത്തി റഹീമിെൻറ മൊഴി വിവർത്തനം ചെയ്തത് നീതിന്യായ മന്ത്രാലയത്തിൽ പരിഭാഷകനായ മുഹമ്മദ്കുട്ടി കടന്നമണ്ണയും അബ്ദുൽ റസാഖ് സ്വലാഹിയുമാണ്. 20 വർഷം ഇസ്ലാമിക കാര്യ മന്ത്രാലയത്തിൽ ജോലി ചെയ്തിരുന്ന അബ്ദുറസാഖ് സ്വലാഹി ജോലിയുടെ ഭാഗമായി മലസ് ജയിലിൽ അബ്ദുൽ റഹീമിനെയും കൂട്ടാളി നസീറിനെയും പലതവണ കാണുകയും നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. പിന്നീട് അൽ ഹയിർ ഇസ്ലാമിക് ജയിലിലേക്ക് മാറ്റിയപ്പോഴും റഹീമിനെ കണ്ടിരുന്നു. സൗദിയിലെ വിവിധ അന്വേഷണ സംഘത്തോടൊപ്പം ഇപ്പോഴും പരിഭാഷകനായി അബ്ദുറസാഖ് സ്വലാഹി സേവനം ചെയ്യുന്നുണ്ട്.
അബ്ദുറഹ്മാൻ മദീനി ഇസ്ലാമിക കാര്യ മന്ത്രാലയം ആസ്ഥാനത്ത് ട്രാൻസ്ലേറ്ററാണ്. അദ്ദേഹം റഹീമിെൻറ കേസിൽ പലതവണ കോടതിയിൽ ഹാജരാവുകയും ശൈഖ് അബ്ദുറഹ്മാൻ അൽ ഇബ്ദാനുമായി ചേർന്ന്, മരിച്ച അനസ് അൽ ശഹ്രിയുടെ കുടുംബവുമായി അനുരഞ്ജന ശ്രമത്തിന് പലതവണ കൂടിയാലോചന നടത്തുകയും ചെയ്തതായി സഹായ സമിതിക്ക് നേതൃത്വം നൽകുന്നവർ പറഞ്ഞു.
സുൽത്താന ഇസ്ലാമിക് കാൾ ആൻഡ് ഗൈഡൻസ് സെന്ററിൽ 22 വർഷം മലയാള വിഭാഗം പ്രബോധകനായിരുന്ന അലവി മൗലവിയാണ് ആദ്യ ഘട്ടത്തിൽ പരിഭാഷകനായിരുന്നത്. പൊലീസ് കുറ്റപത്രം തയാറാക്കുന്ന വേളയിൽ റഹീമിെൻറ മൊഴി പരിഭാഷപ്പെടുത്തിയതും അലവി മൗലവിയാണ്. ദമ്മാം ക്രിമിനൽ കോടതി പരിഭാഷകനായിരുന്ന മുഹമ്മദ് നജാത്തി പല ഘട്ടങ്ങളിലും കേസ് സംബന്ധിച്ച് റഹീമിനെ സഹായിക്കാനും അനുരഞ്ജന ശ്രമങ്ങൾക്കും സമിതിക്കൊപ്പമുണ്ടായിരുന്നു.
റഹീം സഹായ സമിതിയിലെ അംഗവുമായ നജാത്തി സമിതിയുടെ മറ്റ് പ്രവർത്തനങ്ങളിലും സജീവമായുണ്ട്. 20 വർഷം നീണ്ട നിയമപോരാട്ടത്തിൽ പല കാലങ്ങളിലായി കോടതിയിൽ റഹീമിെൻറ ഭാഗം ആത്മാവ് ചോരാതെ പരിഭാഷപ്പെടുത്തിയ പരിഭാഷകർ റഹീമിെൻറ മോചനം യാഥാർഥ്യമായപ്പോൾ ആത്മസംതൃപ്തിയിലാണ്. കേസിെൻറ രണ്ടാം ഘട്ടത്തിൽ വധശിക്ഷ വിധിയും, റദ്ദ് ചെയ്യലും, തുടർന്ന് മോചന ഉത്തരവുമെല്ലാം വിവർത്തനം ചെയ്തതും ആവശ്യമായ മറ്റ് ഭാഷ സഹായങ്ങൾ ചെയ്തതും സുലൈമാൻ ഊരകമാണെന്ന് റഹീമിെൻറ പവർ ഓഫ് അറ്റോണി സിദ്ദീഖ് തുവ്വൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

