ആത്മീയ നിർഭരമായി ഇരുഹറമുകളിൽ ഈദുൽ ഫിത്വർ; ലക്ഷങ്ങൾ പങ്കെടുത്തു
text_fieldsമക്ക: ആത്മീയതയും ഭക്തിയും തുളുമ്പുന്ന അന്തരീക്ഷത്തിൽ വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും ഈദുൽ ഫിത്വർ നമസ്കാരം നടന്നു. ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇരുഹറമുകളിലുമായി നടന്ന പെരുന്നാൾ നമസ്കാരത്തിൽ അണിചേർന്നത്. പുലർച്ചെ മുതൽ തന്നെ ഹറമുകളിലേക്ക് വിശ്വാസികളുടെ വൻ ഒഴുക്കായിരുന്നു.
സ്വദേശികളും വിദേശികളുമായ തീർഥാടകരും താമസക്കാരും ഒത്തുചേർന്നതോടെ ഹറം പള്ളികളും പുറംമുറ്റങ്ങളും ജനസമുദ്രമായി മാറി. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, വിവിധ മന്ത്രിമാർ, അമീറുമാർ എന്നിവർ മക്ക മസ്ജിദുൽ ഹറാമിലെ ഈദ് നമസ്കാരത്തിൽ പങ്കെടുത്തു. ഇരുഹറം പരിപാലന അതോറിറ്റിയും അനുബന്ധ വകുപ്പുകളും വിപുലമായ ഒരുക്കങ്ങളാണ് വിശ്വാസികൾക്കായി സജ്ജീകരിച്ചിരുന്നത്.
മസ്ജിദുൽ ഹറാമിൽ ഡോ. ഉസാമ അൽഖയ്യാത്ത് നമസ്കാരത്തിന് നേതൃത്വം നൽകി. വെറുമൊരു സന്തോഷ പ്രകടനത്തിനപ്പുറം ആഴമേറിയ അർഥതലങ്ങളുള്ളതാണ് ഇസ്ലാമിലെ ഈദ് എന്ന് അദ്ദേഹം തന്റെ ഖുതുബയിൽ ഓർമ്മിപ്പിച്ചു.
ദൈവം തന്റെ ദാസന്മാർക്ക് നൽകിയ സമാനതകളില്ലാത്ത അനുഗ്രഹീത സമയങ്ങളാണ് ഇത്തരം ആഘോഷങ്ങളെന്ന് അദ്ദേഹം വിശദീകരിച്ചു. ഭക്തിയും സമർപ്പണവും നിറഞ്ഞ ആരാധനകൾക്ക് ശേഷമെത്തുന്ന ഈദ്, സൽകർമ്മങ്ങളുടെ പൂർത്തീകരണത്തെയും നല്ലൊരു അന്ത്യത്തിന്റെ സന്തോഷത്തെയുമാണ് സൂചിപ്പിക്കുന്നത്. ദാനധർമങ്ങൾ ചെയ്തും കുടുംബബന്ധങ്ങൾ പുതുക്കിയും ദരിദ്രരെ ആശ്വസിപ്പിച്ചുമാണ് ഈ ദിനം ചെലവഴിക്കേണ്ടത്.
പ്രാർഥന, ദൈവസ്മരണ എന്നിവയോടൊപ്പം നല്ല വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ച് സന്തോഷം പ്രകടിപ്പിക്കാമെങ്കിലും ഭക്തിയുടെ വസ്ത്രമാണ് ഒരു ദാസന്റെ ഏറ്റവും വലിയ അലങ്കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദീന മസ്ജിദുന്നബവിയിൽ ഡോ. സലാഹ് അൽബദീർ നമസ്കാരത്തിന് നേതൃത്വം നൽകി. സുരക്ഷ എന്ന അനുഗ്രഹമാണ് സ്ഥിരതയുടെ അടിത്തറയെന്നും ഈദ് പാപമോചനത്തിനും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള സുവർണാവസരമാണെന്നും അദ്ദേഹം പറഞ്ഞു.
സന്തോഷവും ദയയും ദാനധർമവും പ്രകടിപ്പിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. അകന്നുപോയ ഹൃദയങ്ങൾ ഒന്നിക്കുന്നതിനും പിണക്കങ്ങൾ മാറ്റിവെച്ച് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കുന്നതിനും വിച്ഛേദിക്കപ്പെട്ട ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിനുമുള്ള ദിനമായി ഈദിനെ കാണണമെന്നും മസ്ജിദുന്നബവി ഇമാം ഓർമിപ്പിച്ചു. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലുള്ള പള്ളികളിലും ഈദ് ഗാഹുകളിലും വിപുലമായ രീതിയിൽ നമസ്കാരം നടന്നു. അതത് മേഖലകളിലെ ഗവർണർമാർ, ഭരണരംഗത്തെ പ്രമുഖർ, സ്വദേശികൾ, വിദേശികൾ എന്നിവർ ഈദ് ഗാഹുകളിൽ സംഗമിച്ചു. മതകാര്യ ഓഫിസുകളുടെ നേതൃത്വത്തിൽ വിശ്വാസികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും മുൻകൂട്ടി ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

