മാസപ്പിറവി കണ്ടു, സൗദിയിൽ നാളെ പെരുന്നാൾ
text_fieldsറിയാദ്: വ്യാഴാഴ്ച ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ സൗദി അറേബ്യയിൽ വെള്ളിയാഴ്ച ഈദുൽ ഫിത്വറാണെന്ന് റോയൽ കോർട്ട് പ്രഖ്യാപിച്ചു. മധ്യപ്രവിശ്യയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. മാസപ്പിറവി നിരീക്ഷണ കേന്ദ്രമായ തുമൈറിൽ പിറ കാണാൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.
മാസപ്പിറവി കണ്ടതായി തുമൈറിൽനിന്ന് അറിയിപ്പ് വന്ന് ഏതാനും നിമിഷങ്ങൾക്കകം റോയൽ കോർട്ട് വെള്ളിയാഴ്ച ചെറിയ പെരുന്നാളായിരിക്കും എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തെങ്ങും സൂര്യോദയത്തിന് 15 മിനിട്ടുനുശേഷം പെരുന്നാൾ നമസ്കാരം നടക്കും.
ഈദ് ഗാഹുകൾ കൂടാതെ രാജ്യത്തുടനീളമുള്ള 20,700 പള്ളികളിലും പെരുന്നാൾ നമസ്കാരം നടത്താൻ ഇസ്ലാമിക മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഇതിനാവശ്യമായ സുരക്ഷാ മാർഗങ്ങൾ അവലംബിക്കാനും മറ്റ് മുന്നൊരുക്കങ്ങൾ നടത്താനും പ്രവിശ്യ ഓഫീസുകൾക്ക് മന്ത്രാലയം നിർദേശം നൽകി.

