പെരുന്നാൾ വിൽപന: വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി സൗദി വാണിജ്യ മന്ത്രാലയം
text_fieldsറിയാദ്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സൗദി അറേബ്യയിലുടനീളമുള്ള വാണിജ്യ സ്ഥാപനങ്ങളിലും ഈദ് വിപണികളിലും പരിശോധന കർശനമാക്കി വാണിജ്യ മന്ത്രാലയം. ഈദ് ഷോപ്പിങ് തിരക്ക് കണക്കിലെടുത്ത് ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുന്നതിനായി വിപുലമായ പരിശോധന സന്ദർശനങ്ങളാണ് മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്.
വ്യാപാര സ്ഥാപനങ്ങൾ നിലവിലുള്ള ചട്ടങ്ങളും നിർദേശങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഈ നടപടിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. പ്രധാനമായും കടകൾ പരസ്യപ്പെടുത്തിയ വിലക്കിഴിവുകൾ, പ്രമോഷണൽ ഓഫറുകൾ എന്നിവയുടെ വിശ്വാസ്യതയും കൃത്യതയും ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിക്കും.
വിപണിയിലെ വില സുതാര്യതയും ഉൽപന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കുന്നതിനൊപ്പം, നിയമവിരുദ്ധമായ ബിസിനസ് രീതികൾ തടയുന്നതിനും മന്ത്രാലയം മുൻഗണന നൽകുന്നുണ്ട്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വിപണിയിൽ എന്തെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങളോ ക്രമക്കേടുകളോ ശ്രദ്ധയിൽപ്പെട്ടാൽ, മന്ത്രാലയത്തിന്റെ ഔദ്യോഗിക മാർഗങ്ങളിലൂടെ ഉടനടി റിപ്പോർട്ട് ചെയ്യാൻ ഉപഭോക്താക്കളോട് അധികൃതർ അഭ്യർഥിച്ചു. ഉപഭോക്താക്കളുടെ ജാഗ്രത സുരക്ഷിതമായ ഒരു വ്യാപാര സാഹചര്യം ഉറപ്പാക്കാൻ അത്യാവശ്യമാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

