ഈജിപ്ത് എയർ കാർഗോയുടെ സൗദി സെയിൽസ് ഏജൻറായി ഇ.എഫ്.എസ് ലോജിസ്റ്റിക്സ്
text_fieldsഈജിപ്ത് എയർ കാർഗോ സൗദി സെയിൽസ് ഏജൻറായി ഇ.എഫ്.എസ് ലോജിസ്റ്റിക്സിനെ നിയമിച്ചുകൊണ്ടുള്ള കരാറിൽ വൈസ് പ്രസിഡൻറ് ഹെഷാം എല്ലിവ ഇ.എഫ്.എസ് ലോജിസ്റ്റിക്സ് മാനേജിങ് ഡയറക്ടർ നജീബ് കളപ്പാടൻ എന്നിവർ ഒപ്പ് വെച്ചപ്പോൾ.
റിയാദ്: എയർ കാർഗോ ലോജിസ്റ്റിക്സ് രംഗത്തെ പ്രശസ്തിയും വൈദഗ്ധ്യവും അടിസ്ഥാനമാക്കി ഇ.എഫ്.എസ് ലോജിസ്റ്റിക്സിനെ സൗദി അറേബ്യയിലെ ഈജിപ്ത് എയർ കാർഗോയുടെ പ്രഥമ സെയിൽസ് ഏജൻറായി തെരഞ്ഞെടുത്തു. ജിദ്ദയിലെ ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈജിപ്ത് എയർ കാർഗോ ചെയർമാൻ ക്യാപ്റ്റൻ ഗേസർ ഹുസൈൻ സെയിൽസ് ഏജൻറ് പ്രഖ്യാപനം നിർവഹിച്ചു.
ഈജിപ്ത് എയർ കാർഗോ വൈസ് പ്രസിഡൻറ് ഹെഷാം എല്ലിവ മുഖ്യപ്രഭാഷണം നടത്തി. 26 വർഷത്തിലേറെയായി ലോജിസ്റ്റിക് മേഖലയിൽ പ്രവർത്തിക്കുന്ന ഇ.എഫ്.എസ് ലിമിറ്റഡിനെ കുറിച്ച് മാനേജിങ് ഡയറക്ടർ നജീബ് കളപ്പാടൻ പരിചയപ്പെടുത്തി. ഈ സുപ്രധാന പദവിയിലേക്ക് തെരഞ്ഞെടുത്തതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും എയർ കാർഗോ ലോജിസ്റ്റിക്സ് രംഗത്തെ തങ്ങളുടെ പ്രവർത്തനത്തിന് ലഭിക്കുന്ന അംഗീകാരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്ത് എയർ കാർഗോ വൈസ് പ്രസിഡൻറ് ഹെഷാം എല്ലിവയും ഇ.എഫ്.എസിന് വേണ്ടി നാദിർ കളപ്പാടനും കരാറിൽ ഒപ്പുവച്ചു. ഇ.എഫ്.എസ് കമ്പനി ലിമിറ്റഡ് എച്ച്.ആർ ആൻഡ് പബ്ലിക് റിലേഷൻസ് മാനേജർ സുൽത്താൻ അൽ ഖുറൈഷി ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഈജിപ്ഷ്യൻ കോൺസുലേറ്റ്, സൗദി അറേബ്യൻ ലോജിസ്റ്റിക്സ്, സൗദി കസ്റ്റംസ്, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
യു.എസ്.എ, കാനഡ, യൂറോപ്പ്, ആഫ്രിക്ക, ഗൾഫ് മേഖല, കിഴക്കനേഷ്യ എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് 70-ലധികം വിമാന സർവിസുകളാണ് നിലവിൽ ഈജിപ്ത് എയർ നടത്തുന്നത്. സൗദി അറേബ്യയിൽ റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിൽ നിന്ന് ചെറുതും വലുതുമായ നാലിലേറെ വിമാനങ്ങൾ സർവിസ് നടത്തുന്നുണ്ട്. കാർഗോ ഹബ് കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബെൽജിയത്തിലെ ഓസ്റ്റെൻഡ് എയർപോർട്ട്, ജർമനിയിലെ കൊളോൺ എയർപോർട്ട്, ഷാർജ എയർപോർട്ട് യു.എ.ഇ, നെയ്‌റോബി എയർപോർട്ട്, തായ്‌ലൻഡിലെ ബാങ്കോക്ക് എയർപോർട്ട്, ഇറ്റലിയിലെ മാൽപെൻസ എയർപോർട്ട്, തുർക്കിയിലെ ഇസ്താംബുൾ എയർപോർട്ട്, സുഡാനിലെ ഖാർത്തൂം എയർപോർട്ട്, അഡിസ് അബബ എന്നിവിടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങൾ വികസിപ്പിച്ചെടുത്തിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

