സൗദി ഓഹരി വിപണിയിൽ വൻ മുന്നേറ്റമുണ്ടാക്കി അൽമസാർ അൽഷാമിൽ എജുക്കേഷൻ
text_fieldsഡോ. ഷംഷീർ വയലിൽ തദാവുൽ നേതാക്കൾക്കൊപ്പം ബെൽറിങ് ചടങ്ങിൽ
റിയാദ്: സൗദി വിപണിയിലെ വിദ്യാഭ്യാസ കമ്പനി ലിസ്റ്റിങ് വൻ വിജയകരമാക്കി മലയാളി ആരോഗ്യസംരംഭകൻ ഡോ. ഷംഷീർ വയലിൽ. ഇദ്ദേഹം ചെയർമാനായ ജി.സി.സിയിലെ മുൻനിര സ്പെഷലൈസ്ഡ് എജുക്കേഷൻ കമ്പനി അൽമസാർ അൽഷാമിൽ എജുക്കേഷൻ മികച്ച മുന്നേറ്റത്തോടെ ആദ്യ ദിനം വ്യാപാരം തുടങ്ങി. ഐ.പി.ഒക്ക് ശേഷം നിശ്ചയിച്ച ഓഹരി വിലയായ 19.5 റിയാലിൽ (467 രൂപ) ആരംഭിച്ച വ്യാപാരം ആദ്യ ദിനം 18.41 ശതമാനം ഉയർന്ന് 23.09 റിയാലിലാണ് (553 രൂപ) അവസാനിച്ചത്. കമ്പനിയുടെ ആകെ മൂല്യം 2.36 ശതകോടി റിയാൽ ആയി (5,661 കോടി രൂപ) ഉയർന്നു. സാമ്പത്തിക, വിദ്യാഭ്യാസ, നയതന്ത്ര മേഖലകളിലെ പ്രമുഖർ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ സൗദി സ്റ്റോക് എക്സ്ചേഞ്ചിൽ (തദാവുൽ) നടന്ന ബെൽ റിംഗിങ് ചടങ്ങിൽ പങ്കെടുത്തു. സൗദി എക്സ്ചേഞ്ചിലെ ലിസ്റ്റിങ് മേധാവി നാസർ അൽ അജാജി, സൗദി അറേബ്യയിലെ യു.എ.ഇ സ്ഥാനപതി മതാർ അൽ ദഹേരി, ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ എന്നിവർ മണി മുഴക്കി. ആദ്യ മണിക്കൂറിൽ തന്നെ അൽമസാർ ഓഹരികൾക്ക് വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.
അൽമസാർ അൽഷാമിലിന്റെ വളർച്ചയിൽ ഭാഗമാകാനായതിൽ ഏറെ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീർ പറഞ്ഞു. സൗദി അറേബ്യക്കും യു.എ.ഇക്കും ഇടയിലുള്ള ഒരു പുതിയ സാമ്പത്തിക വളർച്ചയുടെ പാലമാണ് ഈ ലിസ്റ്റിങ്. ഇന്ത്യൻ സംരംഭകനായ ഡോ. ഷംഷീറിന്റെ ഉദ്യമത്തെ സ്ഥാനാപതി ഡോ. സുഹെൽ അജാസ് ഖാൻ അഭിനന്ദിച്ചു. കോൺസുലർ മനുസ്മൃതിയും ചടങ്ങിൽ പങ്കെടുത്തു. അൽമസാർ അൽഷാമിലിന്റെ ഓഹരി മൂലധനത്തിന്റെ 30 ശതമാനമാണ് സൗദി എക്സ്ചേഞ്ചിന്റെ പ്രധാന വിപണിയിൽ ലിസ്റ്റ് ചെയ്തത്. ഐ.പി.ഒയുടെ വില അതിന്റെ ശ്രേണിയിലെ ഏറ്റവും ഉയർന്ന തലത്തിലായിരുന്നു. ബുക്ക് ബിൽഡിങ് പ്രക്രിയയിലൂടെ കമ്പനി 103 മടങ്ങ് ഓവർ സബ്സ്ക്രിപ്ഷനോടെ ഏകദേശം 62 ശതകോടി സൗദി റിയാൽ (1.48 ലക്ഷം കോടി രൂപ) മൂല്യം നേടി. ഐ.പി.ഒയിലൂടെ സമാഹരിച്ചത് 599 ദശലക്ഷം സൗദി റിയാൽ (14.35 ശതകോടി രൂപ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

