‘എടപ്പ’ ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി
text_fieldsഎറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ ലോകകപ്പ് പ്രവചന മത്സരം ആദ്യ ആഴ്ചയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ (എടപ്പ) റിയാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന ലോകകപ്പ് പ്രവചന മത്സരം ആദ്യ ആഴ്ചയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മലസിലെ ഡൂസി കഫേയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. പ്രവാസി മലയാളികൾക്കിടയിൽ ലോകകപ്പ് ഫുട്ബാൾ ആവേശം കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ മത്സരത്തിന് പ്രവാസികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആദ്യ ആഴ്ചയിലെ പ്രവചനങ്ങളിൽ കൃത്യത പുലർത്തിയ 28 വിജയികൾക്കുള്ള ആകർഷകമായ സമ്മാനങ്ങളാണ് ചടങ്ങിൽ വിതരണം ചെയ്തത്. സോന ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആണ് വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. സമ്മാന വിതരണത്തിന് ശേഷം ചടങ്ങിന് മാറ്റുകൂട്ടി സംഘടിപ്പിച്ച സൗഹൃദ പെനാൽട്ടി ഷൂട്ടൗട്ട് മത്സരം കാണികളിൽ വലിയ ആവേശമുണർത്തി.
ഏറെ വാശിയേറിയ മത്സരത്തിനൊടുവിൽ പുരുഷ വിഭാഗത്തിൽ തൃശൂർ സ്വദേശിയായ അബൂബക്കറും, വനിതാ വിഭാഗത്തിൽ എറണാകുളം സ്വദേശിനിയായ ലിയ ഷജീറും പെനാൽട്ടി ഷൂട്ടൗട്ടിൽ ജേതാക്കളായി. ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണത്തോടൊപ്പം ഒരുക്കിയ ഈ പരിപാടിയിൽ റിയാദിലെ നിരവധി ഫുട്ബാൾ പ്രേമികളാണ് പങ്കെടുത്തത്. ഓർഗനൈസിങ് കൺവീനർമാരായ ജസീർ കോതമംഗലം, സഹൽ പെരുമ്പാവൂർ, മുഹമ്മദ് ഉവൈസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ ഏകോപിപ്പിച്ചത്.
ലോകകപ്പ് ഫൈനൽ മത്സരം വരെ ദിവസേനയുള്ള പ്രവചന മത്സരങ്ങൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു. ഓരോ ദിവസത്തെയും മത്സര വിജയികളെ തിരഞ്ഞെടുക്കുന്നതിനൊപ്പം, ടൂർണമെൻറിെൻറ ഒടുവിൽ ഏറ്റവും കൂടുതൽ പോയിൻറുകൾ നേടുന്ന ഭാഗ്യശാലികൾക്ക് ബമ്പർ മെഗാ സമ്മാനവും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

