പിണറായി വിജയനെതിരായ ഇ.ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതം –കേളി
text_fieldsറിയാദ്: സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിൽ ഇ.ഡി നടത്തിയ റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് കേളി കലാ സാംസ്കാരിക വേദി സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. രാഷ്ട്രീയ പ്രതിയോഗികളെ തകർക്കാൻ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്ന ബി.ജെ.പി സർക്കാർ, കോൺഗ്രസിന്റെ പൂർണ സഹകരണത്തോടെയാണ് പിണറായിയെ ലക്ഷ്യമിടുന്നത്. ‘എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല’ എന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗം ഇതിന് തെളിവാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രിയെ കണ്ടതിന് തൊട്ടടുത്ത ദിവസമാണ് റെയ്ഡ് നടന്നത്.
അടിയന്തരാവസ്ഥ കാലം മുതൽ പിണറായിയെ ഇല്ലാതാക്കാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നുണ്ട്. അതേസമയം, റെയ്ഡിന് ആസ്പദമായ സംഭവത്തിൽ കുറ്റസമ്മതം നടത്തിയ രണ്ടുപേർ നിലവിൽ സംസ്ഥാന മന്ത്രിസഭയിലുണ്ടെന്നത് ഈ നടപടിയുടെ ഇരട്ടത്താപ്പ് വെളിവാക്കുന്നു. ഇ.ഡി കേസുകളിൽ ഒരു ശതമാനത്തോളം മാത്രമാണ് ശിക്ഷാവിധി ഉണ്ടായിട്ടുള്ളതെന്നത് നീക്കങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കുന്നു. കേരളത്തിലെ കോൺഗ്രസ് സർക്കാറിന്റെ പിന്തുണയോടെയുള്ള ഈ ജനാധിപത്യവിരുദ്ധ നടപടി അനുവദിക്കാനാകില്ല. മുമ്പ് ഡോ. തോമസ് ഐസക്, എ.സി. മൊയ്ദീൻ എന്നിവർക്കെതിരെ ഇ.ഡി നീക്കമുണ്ടായപ്പോഴും പാർട്ടി പ്രതിരോധിച്ചിരുന്നു. അന്വേഷണം വരുമ്പോൾ ബിജെപിയിൽ അഭയം തേടുന്നവരാണ് കോൺഗ്രസുകാർ. ഈ നടപടിയെ പാർട്ടിക്കെതിരായ ആക്രമണമായാണ് കാണുന്നതെന്നും സംഘപരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്ന കേരളത്തിലെ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും കേളി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

