പരിസ്ഥിതി സൗഹൃദ നടപടികൾ; സൗദിയിലെ അഞ്ച് വിമാനത്താവളങ്ങൾക്ക് രാജ്യാന്തര കാർബൺ അംഗീകാരം
text_fieldsറിയാദ്: പരിസ്ഥിതി സംരക്ഷണത്തിലും കാർബൺ നിയന്ത്രണത്തിലും പുലർത്തുന്ന മികവിന് സൗദി അറേബ്യയിലെ അഞ്ച് വിമാനത്താവളങ്ങൾക്ക് എയർപോർട്ട് കൗൺസിൽ ഇൻറർനാഷനലിെൻറ ‘ലെവൽ 2’ അംഗീകാരം ലഭിച്ചു. എയർപോർട്ട് ക്ലസ്റ്റർ 2-ന് കീഴിലുള്ള ജിസാൻ കിങ് അബ്ദുല്ല അന്താരാഷ്ട്ര വിമാനത്താവളം, നജ്‌റാൻ അന്താരാഷ്ട്ര വിമാനത്താവളം, ശരൂറ വിമാനത്താവളം, വാദി അൽദവാസിർ വിമാനത്താവളം, അൽവജ്ഹ് വിമാനത്താവളം എന്നിവയാണ് ഈ നേട്ടം കൈവരിച്ചത്.
വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളിൽ കാർബൺ മാനേജ്‌മെന്റ് ഫലപ്രദമായി നടപ്പിലാക്കുന്നതിലും ഊർജ്ജ കാര്യക്ഷമത വർധിപ്പിക്കുന്നതിലുമുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയാണ് ഈ രാജ്യാന്തര അംഗീകാരത്തിലൂടെ വ്യക്തമാകുന്നത്. അന്തരീക്ഷത്തിലേക്കുള്ള കാർബൺ പുറന്തള്ളൽ കുറക്കാനായി ആധുനിക രീതിയിലുള്ള പ്രവർത്തനങ്ങൾ ഈ വിമാനത്താവളങ്ങൾ പിന്തുടരുന്നുണ്ട്.
ഇതേ ക്ലസ്റ്ററിന് കീഴിലുള്ള അറാർ അന്താരാഷ്ട്ര വിമാനത്താവളം പരിസ്ഥിതി സുസ്ഥിരതയിൽ നിർണായകമായ മറ്റൊരു നേട്ടം കൂടി കൈവരിച്ചു. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ നൽകുന്ന അക്രഡിറ്റേഷനിൽ ഏറ്റവും ഉയർന്ന തലങ്ങളിൽ ഒന്നായ ‘ലെവൽ 4+’ ആണ് അറാർ വിമാനത്താവളം സ്വന്തമാക്കിയത്. ആഗോള നിലവാരമനുസരിച്ച് കാർബൺ ഉദ്വമനം ഗണ്യമായി കുറക്കുന്നതിനുള്ള നയങ്ങളും കർശന നടപടിക്രമങ്ങളും പാലിക്കുന്ന വിമാനത്താവളങ്ങൾക്കാണ് ഈ പദവി നൽകുന്നത്.
ഇതിന്റെ ഭാഗമായി ഇന്ധന ഉപഭോഗം കുറക്കുന്നതിനും പുനരുപയോഗ ഊർജ്ജ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രത്യേക കാർബൺ മാനേജ്‌മെന്റ് പ്ലാൻ അറാർ വിമാനത്താവളം തയാറാക്കിയിട്ടുണ്ട്. ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത് സൗരോർജ്ജ നിലയങ്ങളുടെ നിർമാണം പോലുള്ള നൂതന പദ്ധതികളാണ്. സൗദി വ്യോമയാന മേഖലയെ പൂർണമായും പരിസ്ഥിതി സൗഹൃദമാക്കുന്നതിനുള്ള നീക്കങ്ങൾക്ക് ഈ അംഗീകാരങ്ങൾ കൂടുതൽ കരുത്തേകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

