പെട്രോളിയം പാരമ്പര്യത്തിലൂന്നി എണ്ണക്കു പുറത്തുള്ള ഭാവിയിലേക്ക് നീങ്ങുന്ന കിഴക്കൻ പ്രവിശ്യ
text_fields1938 മാർച്ച് 03 നു എണ്ണ ഉത്പാദനം തുടങ്ങിയ കിഴക്കൻ പ്രവിശ്യയിലെ ആദ്യ എണ്ണ കിണർ
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ രാജ്യത്തിൻറെ ഒരു ഭൗമഭാഗം മാത്രമല്ല, ആധുനിക സൗദിയുടെ സാമ്പത്തിക വളർച്ചയുടെ പിറവിയിടവും ആഗോള ഊർജ്ജസ്രോതസ്സിന്റെ നേതൃസ്ഥാനത്തേക്ക് ഉയർന്നതിന്റെ അടിത്തറയും കൂടിയാണ്. മേഖലയിലെ അതിവിശാലമായ എണ്ണശേഖരങ്ങൾ, തന്ത്രപ്രധാനമായ തുറമുഖങ്ങൾ, അനുദിനം വികാസം പ്രാപിക്കുന്ന വ്യവസായ നഗരങ്ങൾ എന്നിവയാൽ പ്രശസ്തമായ ഈ പ്രദേശം ആഗോള ഊർജ്ജ വിപണികളിലെ പങ്ക് നിർണ്ണയിക്കുന്നതിൽ ഇന്ന് പ്രഥമ സ്ഥാനത്താണ്. രാജ്യം ഇന്ന് ഏകീകരണത്തിന്റെ 95-ാം വാർഷികം ആഘോഷിക്കുമ്പോൾ കിഴക്കൻ പ്രവിശ്യ അതിന്റെ പെട്രോളിയം പാരമ്പര്യത്തിൽ അഭിമാനത്തോടെ തലയുയർത്തി നില്കുന്നതിനോടൊപ്പം എണ്ണക്കു പുറത്തുള്ള ഭാവിയിലേക്ക് വൈവിധ്യമാർന്ന ചുവടുവെപ്പുകളുമായി അതിദ്രുതം മുന്നേറുന്നതും കാണാൻ കഴിയും.
ദമ്മാമിലെ ദഹ്‌റാനിലുള്ള സാംസ്കാരിക കേന്ദ്രം കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ (ഇത് റ
ഒരു രാജ്യത്തെ മാറ്റിയ കണ്ടെത്തൽ:
1938-ൽ ദമ്മാം വെൽ നമ്പർ 7-ൽ എണ്ണ കണ്ടെത്തിയതോടെയാണ് സൗദി അറേബ്യയുടെ എണ്ണകഥ ആരംഭിച്ചത്. “പ്രോസ്പെരിറ്റി വെൽ” എന്നറിയപ്പെടുന്ന ഈ കിണർ കാലിഫോർണിയ-അറേബ്യൻ സ്റ്റാൻഡേർഡ് ഓയിൽ കമ്പനി (സി.എ.എസ്.ഒ.സി) യുടെ ജിയോളജിസ്റ്റുകളുടെ വർഷങ്ങളായ പരിശ്രമത്തിന്റെ ഫലമായിരുന്നു. സൗദി അറേബ്യയിൽ വാണിജ്യ എണ്ണ ഉത്പാദനത്തിന് ഈ കണ്ടെത്തൽ തുടക്കം കുറിച്ചത് വഴി രാജ്യത്തിൻറെ സാമ്പത്തിക ഭൗതിക വളർച്ചക്ക് തറക്കല്ലിടുക കൂടി ചെയ്തു. സി.എ.എസ്.ഒ.സി പിന്നീട് അറേബ്യൻ അമേരിക്കൻ ഓയിൽ കമ്പനിയായി മാറുകയും വൈകാതെ പൂർണ്ണമായും സൗദി ഉടമസ്ഥതയിലുള്ള സൗദി അറാംകോ ആയി വളരുകയും ചെയ്തു.
ദഹ്റാൻ, അബ്കൈക്, റാസ് തനൂറ, ഗ്വാർ ഓയിൽ ഫീൽഡ് (ലോകത്തിലെ ഏറ്റവും വലിയ പരമ്പരാഗത ഓയിൽ ഫീൽഡ്) എന്നിവയിലൂടെ വിപുലമായ ഉത്പാദന പ്രവർത്തനങ്ങൾ ആരംഭിക്കുക വഴി കിഴക്കൻ പ്രവിശ്യ രാജ്യത്തിന്റെ ഊർജ്ജ അടിസ്ഥാനസൗകര്യങ്ങളുടെ കേന്ദ്രമായി മാറുകയായിരുന്നു. പ്രോസ്പെരിറ്റി വെല്ലിൽ നിന്നുള്ള ആദ്യത്തെ എണ്ണ തുള്ളിയിൽ നിന്ന് ഭാവിയിലെ സാങ്കേതിക വ്യവസായങ്ങളിലേക്കുള്ള യാത്ര യിൽ കിഴക്കൻ പ്രവിശ്യക്ക് മാറ്റത്തിന്റെ കഥകളേറെ പറയാനുണ്ട്. എണ്ണയിൽ നിന്ന് നിർമ്മിതമായ ഒരു രാജ്യം, ഇപ്പോൾ വൈവിധ്യമാർന്ന സുസ്ഥിരമായ ഭാവിയെ രൂപപ്പെടുത്തുന്നതിൽ വളരെ മുന്നിലെത്തിയിട്ടുണ്ട്.
വളർച്ചയുടെ നാൾ വഴികൾ:
പെട്രോളിയം ഉല്പാദനത്തിന്റെയും സംസ്കരണത്തിന്റെയും വിതരണത്തിന്റെയും ഹൃദ്യസ്ഥനത്ത് സൗദി അറാംകോ നിലകൊള്ളുന്നു. അൽഖോബാറിലെ ദഹ്റാൻ കേന്ദ്രീകരിച്ച് ആസ്ഥാനമുള്ള കമ്പനി ഇന്ന് ലോകത്തിലെ ഏറ്റവും വിലയേറിയ ഊർജ്ജ സ്ഥാപനമാണ്. ഉത്പാദനം മുതൽ ശുദ്ധീകരണവും വിതരണം വരെ, പെട്രോകെമിക്കൽസ് ഉത്പന്നങ്ങൾ, അത്യാധുനിക നെറ്റ്‌വർക്കുകൾ എന്നിവയിലൂടെ അരാംകോ ആഗോള തലത്തിൽ പെട്രോളിയം രംഗത്ത് നേതൃത്വം നൽകുന്ന സ്ഥാപനമായി മാറിക്കഴിഞ്ഞു.
സൗദി ബേസിക് ഇൻഡസ്ട്രീസ് കോർപറേഷൻ ( സാബിക്), ജുബൈലിലേയും യാമ്പുവിലെയും റോയൽ കമ്മീഷൻ തുടങ്ങിയ വ്യവസായ ഭീമന്മാരും, ജുബൈലിലെ ലോകത്തിലെ ഏറ്റവും വലിയ വ്യവസായ നഗരവും കിഴക്കൻ പ്രവിശ്യയുടെ സാമ്പത്തിക അടിത്തറയെ വിപുലീകരിച്ചു. ഇവയെല്ലാം ചേർന്ന് ആഗോള സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന ഒരു മേഖലയും രൂപം കൊണ്ടിട്ടുണ്ട്.
തന്ത്രപ്രധാന വിതരണവും ആഗോള ബന്ധവും:
കിഴക്കൻ പ്രവിശ്യ എണ്ണ ഉത്പാദനത്തിന് മാത്രമല്ല മികച്ച വാണിജ്യ ബന്ധത്തിന്റെയും കേന്ദ്രമാണ്. റാസ് തനൂറ, കിംഗ് അബ്ദുൽഅസീസ് പോർട്ട് (ദമ്മാം) എന്നിവയിലൂടെ സൗദി അറേബ്യയുടെ ആഗോള ഊർജ്ജ വിപണികളിലെ പങ്ക് ഉറപ്പാക്കുന്നു. ഗൾഫിൽ നിന്ന് ആഗോള വിപണികളിലേക്കുള്ള പൈപ്പ്‌ലൈൻ, സ്റ്റോറേജ്, ഷിപ്പിംഗ് നെറ്റ്‌വർക്കുകൾ തുടങ്ങിയവ ലോകത്തെ വിശ്വസ്തമായ ഊർജ്ജ വിതരണക്കാരനായി സൗദിയെ നിലനിര്‍ത്തുന്നു.
എണ്ണക്കു പുറത്തേക്ക്:
എണ്ണ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ആധാരമായിരുന്നെങ്കിലും, വിഷൻ 2030 പ്രകാരം സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കിഴക്കൻ പ്രവിശ്യയിൽ പുതിയ പദ്ധതികൾ ശക്തമായി നടപ്പാക്കാൻ ആരംഭിച്ചിട്ടുണ്ട്. വ്യവസായ വൈവിധ്യവത്കരണം, നവീന ഊർജ്ജ പദ്ധതികൾ, ആധുനിക രാസവസ്തുക്കളുടെ നിർമ്മാണം എന്നിവയുടെ കേന്ദ്രമായി ജുബൈൽ മാറിയിട്ടുണ്ട്. അറാംകോയുടെ ആർ ആൻഡ് ഡി കേന്ദ്രങ്ങൾ കാർബൺ ക്യാപ്ചർ, ഹൈഡ്രജൻ ഇന്ധനം, എ.ഐ -അധിഷ്ഠിത ഊർജ്ജ പരിഹാരങ്ങൾ എന്നിവ വഴി സാങ്കേതികവിദ്യയുടെ വികാസത്തിനും ലക്ഷ്യമിടുന്നു കിംഗ് സൽമാൻ ഗ്ലോബൽ മാരിറ്റൈം ഇൻഡസ്ട്രീസ് കോംപ്ലക്സ്, റെയിൽവേ, പോർട്ട് വികസനം, വിമാനത്താവളങ്ങൾ എന്നിവ ഈ മേഖലയെ വ്യാപാര ഗേറ്റ് വേ ആക്കി മാറ്റുന്നു. യുനെസ്‌കോയുടെ അംഗീകാരം ലഭിച്ച നിരവധി ചരിത്ര കേന്ദ്രങ്ങളും, വിശാലവും മനോഹരവുമായ കടൽ തീരവും, 'ഇത്റ ' പോലെയുള്ള സാംസ്‌കാരിക കേന്ദ്രങ്ങളും ടൂറിസം വികസനത്തിൽ നിർണ്ണായകമാണ്.
പാരമ്പര്യവും മാറ്റവും തമ്മിലുള്ള സമതുലനം:
സൗദി അറേബ്യയുടെ പെട്രോളിയം പാരമ്പര്യത്തിന്റെ ഹൃദയവും അതിന്റെ ഭാവിയിലേക്കുള്ള പ്രതീകവുമാണ് കിഴക്കൻ പ്രവിശ്യ. ദമ്മാം, അൽ-ഖോബർ, ജുബൈൽ, അൽ-അഹ്‌സ, ഖഫ്ജി തുടങ്ങിയ നഗരങ്ങൾ പാരമ്പര്യവും ആധുനികതയും ചേർന്നൊരു അപൂർവ സമന്വയം കാഴ്ചവെക്കുന്നു. പുതുക്കാവുന്ന ഊർജ്ജത്തിലേക്കും സുസ്ഥിരതയിലേക്കും ലോകം നീങ്ങുമ്പോൾ, സൗദിയുടെ കിഴക്കൻ പ്രവിശ്യ അതിന്റെ പാരമ്പര്യത്തെ ഉപേക്ഷിക്കാതെ തന്നെ പുതിയ ഭാവിയെ നിർമ്മിക്കുന്നു. നവീനമായ വൈവിധ്യവത്കരണവും സുസ്ഥിരതയും പുരോഗതിയുടെ നിർവചനം ആകുമ്പോൾ കിഴക്കൻ രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിന്റെ കേന്ദ്രസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

