ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ വിപുലീകരണം: പ്രാഥമിക എഞ്ചിനീയറിങ് ജോലികൾ ആരംഭിച്ചതായി സൗദി അരാംകോ
text_fieldsസൗദി അരാംകോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമീൻ നാസർ
റിയാദ്: ഈസ്റ്റ്-വെസ്റ്റ് (കിഴക്ക്-പടിഞ്ഞാറ്) പൈപ്പ്‌ലൈൻ വിപുലീകരണത്തിനായുള്ള പ്രാഥമിക എഞ്ചിനീയറിങ് ജോലികൾ കമ്പനി ആരംഭിച്ചതായി സൗദി അരാംകോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമീൻ നാസർ അറിയിച്ചു. മേഖലയിൽ നിലവിലെ അനിശ്ചിതാവസ്ഥ ആരംഭിച്ചതിന് ശേഷം, വെറും 15 ദിവസത്തിനുള്ളിൽ തന്നെ ഈ പൈപ്പ്‌ലൈൻ നിർമ്മാണത്തിന്റെ മുഴുവൻ ചെലവും കമ്പനിക്ക് തിരിച്ചുപിടിക്കാൻ സാധിച്ചതായും അദ്ദേഹം സൂചിപ്പിച്ചു.
പൈപ്പ്‌ലൈനിന് നേരെ ആക്രമണങ്ങൾ ഉണ്ടായി ദിവസങ്ങൾക്കകം തന്നെ എണ്ണ കയറ്റുമതി പുനഃസ്ഥാപിക്കാൻ അരാംകോക്ക് കഴിഞ്ഞിരുന്നു. ഗൾഫ് മേഖലയിലെ തങ്ങളുടെ കയറ്റുമതി കേന്ദ്രങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയും, കപ്പലുകളിൽ നിന്ന് കപ്പലുകളിലേക്ക് എണ്ണ മാറ്റിയും, വിതരണ രീതികളിൽ വൈവിധ്യവൽക്കരണം കൊണ്ടുവന്നുമാണ് പ്രതിസന്ധികൾക്കിടയിലും ഉയർന്ന നിരക്കിൽ കയറ്റുമതി നിലനിർത്താൻ കമ്പനിക്ക് സാധിച്ചത്. നിലവിലുള്ള സംവിധാനങ്ങളിലൂടെയും അടിസ്ഥാന സൗകര്യങ്ങളിലൂടെയും എണ്ണയൊഴുക്ക് വർധിപ്പിക്കാൻ കമ്പനി ശ്രമിച്ചുവരികയാണെന്നും മറ്റ് ബദൽ മാർഗങ്ങൾ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യം വന്നാൽ തങ്ങളുടെ പരമാവധി ഉൽപ്പാദന ശേഷിയായ പ്രതിദിനം 12 ദശലക്ഷം ബാരൽ എന്ന നിരക്കിലേക്ക് മൂന്ന് ആഴ്ചക്കുള്ളിൽ എത്തിച്ചേരാൻ അരാംകോക്ക് സാധിക്കും. പരമാവധി ഉൽപ്പാദന ശേഷി ഇതിലും ഉയർത്താൻ സർക്കാർ തീരുമാനിക്കുകയാണെങ്കിൽ അത് കൈവരിക്കാനും കമ്പനി സന്നദ്ധമാണ്.
പൈപ്പ്‌ലൈൻ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച 90 ശതമാനത്തിലധികം സാധനസാമഗ്രികളും രാജ്യത്തിനകത്തുള്ള വിതരണക്കാരിൽ നിന്നാണ് കമ്പനി കണ്ടെത്തിയത്. സുരക്ഷ ഉറപ്പാക്കിക്കൊണ്ട് തന്നെ, ഈ രംഗത്തെ മറ്റ് കമ്പനികളേക്കാൾ ആറിരട്ടി വേഗത്തിൽ കേടുപാടുകൾ തീർക്കാനും ആസ്തികൾ പൂർവസ്ഥിതിയിലാക്കാനും അരാംകോക്ക് സാധിച്ചതായും സി.ഇ.ഒ അവകാശപ്പെട്ടു.
നിലവിലെ ആഗോള എണ്ണ ആവശ്യകത മുമ്പ് പലരും പ്രവചിച്ചതിനേക്കാൾ വളരെ ശക്തമാണ്. 2027 ഓടെ എണ്ണ ഉൽപ്പന്നങ്ങളുടെ ആഗോള ആവശ്യകത പ്രതിദിനം 2.4 ദശലക്ഷം ബാരൽ വീതം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈന വീണ്ടും ക്രൂഡോയിലിന്റെ പ്രധാന വാങ്ങലുകാരായി മാറിയിട്ടുണ്ടെന്നും, കടൽമാർഗമുള്ള അവരുടെ ഇറക്കുമതി പ്രതിദിനം 11 മുതൽ 11.3 ദശലക്ഷം ബാരൽ വരെയായി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ജാഫുറ പദ്ധതിയുടെ രണ്ടാം ഘട്ട ഉൽപ്പാദനം 2027 ഓടെ ആരംഭിക്കും. ഊർജ വിതരണം ശക്തിപ്പെടുത്തുന്നതിനായി ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതും കമ്പനി തുടരുമെന്നും അമീൻ നാസർ ഊന്നിപ്പറഞ്ഞു.

