കിഴക്ക്-പടിഞ്ഞാറൻ ഓയിൽ പൈപ്പ് ലൈൻ പൂർണ സജ്ജം; ഉൽപ്പാദന ശേഷി വീണ്ടെടുത്ത് സൗദി അറേബ്യ
text_fieldsറിയാദ്: സൗദി അറേബ്യയുടെ ഊർജ്ജ സംവിധാനങ്ങൾക്ക് നേരെ അടുത്തിടെയുണ്ടായ ആക്രമണങ്ങളെത്തുടർന്ന് തടസ്സപ്പെട്ട ഉൽപ്പാദനവും വിതരണ ശേഷിയും അതിവേഗം പുനഃസ്ഥാപിച്ചതായി ഊർജ്ജ മന്ത്രാലയം അറിയിച്ചു. രാജ്യത്തിെൻറ കിഴക്ക്-പടിഞ്ഞാറൻ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന പൈപ്പ് ലൈനിെൻറ പമ്പിങ് ശേഷി പ്രതിദിനം 70 ലക്ഷം ബാരൽ എന്ന പൂർണതോതിലേക്ക് തിരിച്ചെത്തിയതായി മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി.
ആക്രമണത്തെത്തുടർന്ന് പൈപ്പ് ലൈനിലൂടെയുള്ള പമ്പിങ്ങിൽ പ്രതിദിനം ഏഴ് ലക്ഷം ബാരലിെൻറ കുറവുണ്ടായിരുന്നു. കൂടാതെ, ഉൽപ്പാദനത്തിൽ മൂന്ന് ലക്ഷം ബാരലുകളുടെ കുറവ് നേരിട്ട മനീഫ എണ്ണപ്പാടം ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പൂർണ ശേഷി കൈവരിച്ചതായും റിപ്പോർട്ടുകളുണ്ട്. നിലവിൽ ഖുറൈസ് എണ്ണപ്പാടത്തെ ഉൽപ്പാദനം പൂർണതോതിലാക്കാനുള്ള സാങ്കേതിക പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു വരികയാണ്. ഈ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് മന്ത്രാലയം കൂടുതൽ വിവരങ്ങൾ പുറത്തുവിടും.
സൗദി അരാംകോയുടെ പ്രവർത്തന മികവിനും പ്രതിസന്ധി ഘട്ടങ്ങളെ കാര്യക്ഷമമായി നേരിടാനുള്ള ശേഷിക്കും ഉദാഹരണമാണ് ഈ അതിവേഗ തിരിച്ചുവരവെന്ന് ഊർജ്ജ മന്ത്രാലയം ചൂണ്ടിക്കാട്ടി. ആഗോള എണ്ണ വിപണിയുടെ സുസ്ഥിരത ഉറപ്പാക്കാനും വിശ്വസനീയമായ രീതിയിൽ ഇന്ധന വിതരണം തുടരാനും സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ ഒമ്പതിനായിരുന്നു രാജ്യത്തെ വിവിധ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായതും ഉൽപ്പാദനത്തിൽ താത്കാലിക കുറവ് രേഖപ്പെടുത്തിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

