റിയാദ് മെട്രോയിൽ ഇനി ഇ-സ്കൂട്ടർ സേവനവും
text_fieldsറിയാദ് മെട്രോ സ്റ്റേഷനുകളിൽ വാടകക്ക് ലഭിക്കാൻ ഒരുക്കിയ ഇ-സ്കൂട്ടറുകൾ
റിയാദ്: യാത്രക്കാർക്ക് റിയാദ് മെട്രോയിൽ ഇനി ഇലക്ട്രിക് സ്കൂട്ടർ സേവനവും. ബ്ലൂ ലൈനിൽ വിവിധയിടങ്ങളിൽ ഇ-സ്കൂട്ടറുകൾ വാടകക്ക് ലഭിക്കുന്ന സൗകര്യമൊരുക്കിയെന്ന് റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചു.
ഡോ. സുലൈമാൻ അൽ ഹബീബ് സ്റ്റേഷന്റെ നാല് കവാടങ്ങളിലും സ്കൂട്ടറുകൾ റെഡി. അൽ മുറൂജ് സ്റ്റേഷൻ, കിങ് ഫഹദ് ഡിസ്ട്രിക്റ്റ് സ്റ്റേഷൻ ഒന്നും രണ്ടും, അൽ വുറൂദ് സ്റ്റേഷൻ സെക്കൻഡ് സ്റ്റേഷൻ, അൽ ഉറൂബ സ്റ്റേഷൻ, അലിന്മ ബാങ്ക് സ്റ്റേഷൻ, ബാങ്ക് അൽബിലാദ് സ്റ്റേഷൻ, കിങ് ഫഹദ് ലൈബ്രറി സ്റ്റേഷൻ, മിനിസ്ട്രി ഓഫ് ഇന്റീരിയർ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ഇ-സ്കൂട്ടറുകൾ വാടകക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ആധുനികവും സുസ്ഥിരവുമായ ഗതാഗത സംവിധാനം ഒരുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
എന്നാൽ ട്രെയിനുള്ളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ഒപ്പം കൊണ്ടുവരുന്നതിന് വിലക്കുണ്ട്. ആവശ്യം കഴിഞ്ഞാൽ എടുത്തയിടത്ത് തിരികെ ഏൽപിച്ചിട്ടുവേണം ട്രയിനിൽ കയറാൻ. രാജ്യത്താകമാനം പൊതുഗതാഗത പദ്ധതിയിൽ നടപ്പാക്കുന്ന നൂതനാശയങ്ങളുടെ ഭാഗമാണ് ഈ സേവനം. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന നീക്കമാണിത്.
പ്രത്യേകിച്ച് ജീവിത നിലവാരം, സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറക്കൽ, തലസ്ഥാനത്തെ താമസക്കാരുടെയും സന്ദർശകരുടെയും അഭിലാഷങ്ങൾ നിറവേറ്റുന്ന വിപുലമായ അടിസ്ഥാന സൗകര്യ വികസനം എന്നിവയുമായി ബന്ധപ്പെട്ടുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

