‘ഇ-മൈഗ്രേറ്റ്’ രജിസ്ട്രേഷനില്ലെങ്കിൽ യാത്ര തടയും
text_fieldsറിയാദ്: വിദേശത്ത് ജോലിക്ക് പോകുന്നവർക്ക് ഇന്ത്യൻ വിദേശമന്ത്രാലയത്തിെൻറ പുതിയ നിബന്ധന. യാത്രക്ക് മുമ്പ് മന്ത്രാലയത്തിെൻറ ‘ഇ^മൈഗ്രേറ്റ്’ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. റിയാദിലെ ഇന്ത്യൻ എംബസി ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തുവിട്ടു. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ലാത്ത (പാസ്പോർട്ടിൽ ഇ.സി.എൻ.ആർ എന്ന് രേഖപ്പെടുത്തിയിട്ടുള്ള) വിഭാഗക്കാരായ മുഴുവനാളുകൾക്കും ബാധകം. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ളവർക്ക് (ഇ.സി.ആർ പാസ്പോർട്ടുള്ളവർ) നേരത്തെ തന്നെ നിർബന്ധമാണ്. ഇതിപ്പോൾ എല്ലാവർക്കുമാക്കി വിപുലപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. നിബന്ധന പാലിച്ചില്ലെങ്കിൽ 2019 ജനുവരി ഒന്ന് മുതൽ യാത്ര തടയും. ഗൾഫ് ഉൾപ്പെടെ 18 രാജ്യങ്ങളിലേക്ക് തൊഴിൽ വിസകളിൽ പോകുന്നതിനാണ് പുതിയ നിബന്ധന.
സൗദി അറേബ്യ, അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, ഇന്തോനേഷ്യ, ഇറാഖ്, ജോർദാൻ, കുവൈത്ത്, ലബനോൺ, ലിബിയ, മലേഷ്യ, ഒമാൻ, ഖത്തർ, സുഡാൻ, തെക്കൻ സുഡാൻ, സിറിയ, തായ്ലാൻഡ്, യു.എ.ഇ, യമൻ എന്നീ രാജ്യങ്ങളിൽ ജോലി സ്വീകരിച്ച് പോകുന്നവർ യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുെമ്പങ്കിലും വെബ്സൈറ്റ് രജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കണം.
ഒാൺലൈൻ രജിസ്ട്രേഷൻ നടപടി എളുപ്പത്തിൽ പൂർത്തിയാക്കാൻ പറ്റും. www.emigrate.gov.in എന്ന വെബ്സൈറ്റിലെ ‘ECNR Registration’ ലിങ്കിൽ ക്ലിക്ക് ചെയ്യുേമ്പാൾ തുറന്നുവരുന്ന രജിസ്ട്രേഷൻ ഫോമിൽ ആവശ്യമായ വിവരങ്ങൾ എൻട്രി ചെയ്യണം. നടപടി പൂർത്തിയാക്കിയാൽ ഉടൻ കൺഫർമേഷൻ എസ്.എം.എസോ ഇമെയിലോ ലഭിക്കും. 2017 ഡിസംബർ മുതൽ പരീക്ഷിക്കുന്ന പരിഷ്കാരമാണ് ഇപ്പോൾ നിർബന്ധമാക്കിയിയിരിക്കുന്നത്. അടുത്ത ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിലാകും. ശേഷം യാത്ര ചെയ്യണമെങ്കിൽ രജിസ്ട്രേഷൻ നിർബന്ധം.അല്ലെങ്കിൽ യാത്ര തടയും. വിമാനത്താവളത്തിൽ നിന്ന് തിരിച്ചയക്കും. രജിസ്ട്രേഷൻ പൂർത്തീകരിച്ച് തിരിച്ചുവന്ന് യാത്ര തുടരാം.
പുതിയ വിസയിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമാണ് ബാധകം. തൊഴിൽ വിസയൊഴികെ സന്ദർശക, ബിസിനസ്, തീർഥാടന വിസകൾക്കൊന്നും ഇത് ആവശ്യമില്ല. വിദേശത്ത് ജോലിക്ക് പോകുന്നവരുടെ ക്ഷേമം ഉറപ്പുവരുത്താനും സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും വേണ്ടിയാണ് പുതിയ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് 1800 11 3090 അല്ലെങ്കിൽ 01140503090 എന്നീ നമ്പറുകളിലൊ helpline@mea.gov.in എന്ന ഇമെയിലിലോ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രവുമായി ബന്ധപ്പെടാമെന്നും എംബസി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
