സൗദിയിൽ പൊടിക്കാറ്റും മണൽക്കാറ്റും 53 ശതമാനം കുറഞ്ഞു
text_fieldsസൗദിയിൽ അനുഭവപ്പെടുന്ന പൊടിക്കാറ്റ്
യാംബു: ഈ വർഷം ഇതുവരെ സൗദിയിൽ പൊടിക്കാറ്റും മണൽക്കാറ്റും ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പൊടിക്കാറ്റുകളുടെ അളവ് 53 ശതമാനം കുറവാണ് ഈ വർഷം രേഖപ്പെടുത്തിയത്. സൗദി പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടന്നുവരുന്ന പരിസ്ഥിതി ശ്രമങ്ങൾ ഏറെ ഫലം ചെയ്തതാണ് പൊടിക്കാറ്റിന്റെ നിരക്കിൽ അഭൂതപൂർവമായ കുറവ് വരാൻ നിമിത്തമായതെന്ന് വിലയിരുത്തുന്നു. ഈ വർഷത്തെ ആദ്യ ഏഴു മാസങ്ങളിൽ ഇതേ കാലയളവിലെ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ പൊടിക്കാറ്റുകളുടെയും മണൽക്കാറ്റുകളുടെയും നിരക്കിൽ നല്ല കുറവാണ് രാജ്യത്ത് അനുഭവപ്പെട്ടത്. ഈ വർഷം ജനുവരി, മാർച്ച് മാസങ്ങളിലാണ് ഏറ്റവും കുറഞ്ഞ പൊടിക്കാറ്റ് ദിനങ്ങൾ രേഖപ്പെടുത്തിയത്.
പൊടിക്കാറ്റുകളുടെയും മണൽക്കാറ്റിന്റെയും കാര്യത്തിൽ ദേശീയ കാലാവസ്ഥാകേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ ഈ വർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ കുറഞ്ഞ നിരക്കുകളാണ് രേഖപ്പെടുത്തിയത്. ജനുവരിയിൽ 80 ശതമാനം രേഖപ്പെടുത്തിയത് ഫെബ്രുവരിയിൽ 40 ശതമാനമായി കുറഞ്ഞു. മാർച്ചിൽ 75 ശതമാനവും ഏപ്രിലിൽ 41 ശതമാനവും മേയ് മാസത്തിൽ 40 ശതമാനവും ജൂണിൽ 59 ശതമാനവും ജൂലൈയിൽ 41 ശതമാനവും ആണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്.
കാലാവസ്ഥ വ്യതിയാനങ്ങൾ, വിവിധ സർക്കാർ സന്നദ്ധ സംഘടനകളുടെ സംഘടിത പാരിസ്ഥിതിക ശ്രമങ്ങൾ, ഗ്രീൻ സൗദി അറേബ്യ, ക്ലൗഡ് സീഡിങ് പ്രോഗ്രാമുകൾ തുടങ്ങിയ പ്രധാന സംരംഭങ്ങൾ എന്നിവയാണ് പൊടിക്കാറ്റ് കുറയുന്ന കാലാവസ്ഥ മാറ്റത്തിൽ പ്രധാന പങ്കുവഹിച്ചതെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി. റോയൽ റിസർവുകൾ, വർധിച്ച സസ്യജാലങ്ങളുടെ ആവരണം, അമിതമായ മേച്ചിൽ നിയന്ത്രണം എന്നിവയും ഈ പ്രതിഭാസം ഫലപ്രദമായി കുറക്കുന്നതിന് കാരണമായി. ഹരിതവത്കരണത്തിലൂടെ പ്രതികൂല കാലാവസ്ഥയുടെ പ്രത്യാഘാതങ്ങൾ തടയാൻ സൗദി അറേബ്യ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഫലമാണ് പൊടിക്കാറ്റുകളുടെ കുറവിന് ആക്കം കൂട്ടിയത് എന്നാണ് നിഗമനം. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ പാരിസ്ഥിതിക ആഘാതങ്ങളിൽ നിന്ന് സുരക്ഷയൊരുക്കാൻ സാധ്യമായതായും വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

